വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കണമെന്ന ഹർജി പിഴ സഹിതം ഹൈക്കോടതി തള്ളി
കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന ഹർജി ഹൈക്കോടതി പിഴ സഹിതം തള്ളി. ഹർജിക്കാരന് ഒരു ലക്ഷം രൂപ കോടതി പിഴ ചുമത്തി. പിഴത്തുക ആറാഴ്ചക്കുള്ളിൽ കേരളാ ലീഗൽ സർവീസ് സൊസൈറ്റിയിൽ അടയ്ക്കണം.
കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിലാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്‌സിനെടുക്കുമ്പോൾ മോദിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. എന്നാൽ ഹർജിക്ക് പിന്നിൽ രാഷ്ട്രീയതാത്പര്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു
തീർത്തും ബാലിശമായ ഹർജിയാണ്. പൊതുതാത്പര്യമല്ല, പ്രശസ്തി താത്പര്യമാണ് ഹർജിക്ക് പിന്നിലെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. കോടതികളിൽ ഗൗരവമുള്ള കേസുകൾ കെട്ടിക്കിടക്കുമ്പോൾ ഇത്തരം അനാവശ്യ ഹർജികൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു
ഒരാഴ്ചക്ക് മുമ്പ് കേസ് പരിഗണിക്കുമ്പോഴും കോടതി ഹർജിക്കാരനെ രൂക്ഷമായി വിമർശിച്ചിരുന്നു. നരേന്ദ്രമോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റെ അല്ലല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രധാനമന്ത്രിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ വെക്കുന്നതിനെ കുറിച്ച് ലജ്ജിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു
100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്‌നമാണ് നിങ്ങൾക്കുള്ളതെന്നും കോടതി ആരാഞ്ഞു. നേതാക്കളുടെ പേരിൽ രാജ്യത്ത് സർവകലാശാലകളും മറ്റുമുണ്ടല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വാക്‌സിൻ എടുത്തവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം വെക്കുന്നത് ബോധവത്കരണത്തിന്റെ ഭാഗമാണെന്നായിരുന്നു കേന്ദ്രസർക്കാർ വാദിച്ചത്.