അനിശ്ചിതത്വം നീങ്ങി: ഗുരുവായൂരപ്പന്റെ ഥാർ അമലിന് തന്നെ
ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ ലേലത്തിൽ പിടിച്ച അമൽ മുഹമ്മദിന് തന്നെ നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇടപ്പള്ളി സ്വദേശിയായ അമൽ മുഹമ്മദ് 15.10 ലക്ഷം രൂപക്കാണ് ഥാർ ലേലത്തിൽ പിടിച്ചത്. നേരത്തെ ലേല നടപടികൾ വിവാദമായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് യോഗം ചേർന്നതും അമലിന് തന്നെ വണ്ടി നൽകാൻ തീരുമാനിച്ചതും
ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. ഗൾഫിലുള്ള അമലിന് വേണ്ടി തൃശ്ശൂർ സ്വദേശിയായ സുഭാഷ് പണിക്കരാണ് ലേലം വിളിച്ചത്. എന്നാൽ ഭരണസമിതി യോഗത്തിൽ അന്തിമ തീരുമാനമായതിന് ശേഷമേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയർമാൻ കെബി മോഹൻദാസ് അറിയിക്കുകയായിരുന്നു. ഇതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്.
ഇതിന് പിന്നാലെ ദേവസ്വം ബോർഡിന്റെ നിലപാടിനെ വിമർശിച്ച് നിരവധി പേർ രംഗത്തുവന്നിരുന്നു. എന്നാൽ ചൊവ്വാഴ്ച ചേർന്ന ഭരണസമിതി യോഗം അമൽ മുഹമ്മദിന് തന്നെ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ 21 ലക്ഷം രൂപ വാഹനത്തിന് നൽകാനാകുമോയെന്നും ദേവസ്വം ഭരണസമിതി ചോദിച്ചിരുന്നു.
14 ലക്ഷം രൂപ അടിസ്ഥാനവിലയുള്ള വാഹനം താൻ 15.10 ലക്ഷം രൂപക്കാണ് ലേലത്തിൽ പിടിച്ചതെന്നും ജി എസ് ടി അടക്കം 18 ലക്ഷത്തോളം രൂപ മുടക്കേണ്ടി വരുമെന്നും അമൽ അറിയിച്ചു. ലേലം വിളിച്ച തുകയ്ക്ക തന്നെ വാഹനം സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അമൽ വ്യക്തമാക്കിയതോടെ ഭരണസമിതി ലേലത്തിന് അംഗീകാരം നൽകുകയായിരുന്നു.
ദേവസ്വം ഭരണസമിതി അംഗീകാരം ദേവസ്വം കമ്മീഷണർക്ക് കൈമാറും. കമ്മീഷണർ അന്തിമ അനുമതി നൽകാൻ ഥാർ അമലിന് കൊണ്ടുപോകാം.