‘പി വി മറ്റൊരാളാണെന്ന് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാം’; മാസപ്പടി വിവാദത്തില്‍ വെല്ലുവിളിയുമായി മാത്യു കുഴല്‍നാടന്‍
മാസപ്പടി വിവാദത്തില്‍ വീണ്ടും മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. രേഖയിലുള്ള പി വി മറ്റൊരാളാണെന്ന് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാമെന്നാണ് മാത്യു കുഴല്‍നാടന്റെ വെല്ലുവിളി. പി വി താനല്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ സഹതാപം തോന്നുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പി വി എന്ന ചുരുക്കപ്പേര് പിണറായി വിജയന്റേത് തന്നെയാണ്. മുഖ്യമന്ത്രി പച്ചക്കളമാണ് പറഞ്ഞതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
ഇടുക്കി ചിന്നക്കനാലിലെ ഭൂമി ഇടപാടിലെ വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും മാത്യു കുഴല്‍നാടന്‍ ആവര്‍ത്തിച്ചു. തനിക്ക് എതിരെ ഉള്ള വേട്ടയാടല്‍ ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യട്ടെ എന്ന് മാത്യു കുഴല്‍നാടന്‍ പറയുന്നു. അഴിമതിക്കെതിരെ സര്‍ക്കാരിന് ഉപയോഗിക്കാന്‍ കഴിയുന്ന പവര്‍ഫുള്‍ ടൂള്‍ ആണ് വിജിലന്‍സ്. എന്നാല്‍ അധികാരം ഉപയോഗിച്ച് മാത്യുവിനെ തളര്‍ത്താമെന്നാണ് തീരുമാനമെങ്കില്‍ ഞാന്‍ തിരിച്ചും പോരാടും. ഇതിനെ താന്‍ നിയമപരമായി തന്നേ നേരിടുമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണങ്ങള്‍ മാത്യു കുഴല്‍നാടന്‍ ഇന്നും ആവര്‍ത്തിച്ചു. എക്‌സാ ലോജിക്കോ വീണാ വിജയനോ ഒരു സേവനവും സിഎംആര്‍എലിന് നല്‍കിയിട്ടില്ലെന്ന് മാത്യു പറഞ്ഞു. സേവനം നല്‍കിയിട്ടില്ലെങ്കില്‍ പണം നല്‍കാന്‍ രണ്ട് സാധ്യതകളാണുള്ളത്. ഒന്ന് വീണാവിജയന് ഭിക്ഷയായി നല്‍കിയ പണമാകാം. ഇനി ഭിക്ഷയല്ലെങ്കില്‍ അതിന് കാരണമുണ്ടാകാമെന്നും മാത്യു തിരിച്ചടിച്ചു.