Saturday, October 19, 2024
Kerala

ഓണാവധി കഴിഞ്ഞ് ഒരാഴ്ച; കാസർഗോഡിലെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ രണ്ടാംഭാഗം വിതരണം പാതിവഴിയിൽ

ഓണാവധി കഴിഞ്ഞ് ഒരാഴ്ച്ച പിന്നിട്ടിട്ടും കാസർഗോഡ് ജില്ലയിലെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ രണ്ടാംഭാഗം വിതരണം പാതിവഴിയിൽ. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലേക്കുള്ള പുസ്‌തകങ്ങളുടെ വിതരണമാണ് വൈകിയത്. പ്രിൻറിംഗ് മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം.

പാഠപുസ്‌തകങ്ങളുടെ രണ്ടാം ഭാഗം ലഭ്യമാകാത്തതോടെ ഓണാവധിക്ക് ശേഷം തുറന്ന ജില്ലയിലെ സ്കൂളുകളിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മൂന്ന് ഭാഗങ്ങളായുള്ള പുസ്തകങ്ങളുടെ രണ്ടാം ഭാഗമാണ് ഓണം കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ നൽകേണ്ടിയിരുന്നത്.
ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠപുസ്‌തക വിതരണം ഇപ്പോഴും പാതിവഴിയിലാണ്. ഒമ്പത്, പത്ത് ക്ലാസുകളിലേക്കുള്ള പുസ്‌തകങ്ങളുടെ സ്റ്റോക്കുപോലും ജില്ലയിൽ ഇതുവരെ എത്തിയിട്ടില്ല. പഴയ പുസ്‌തകങ്ങളും, ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിച്ചാണ് പല സ്കൂളുകളിലും പഠനം നടക്കുന്നത്.

പ്രിൻറിംഗ് വൈകിയതിനാൽ കൃത്യമായി സ്റ്റോക് എത്തിയില്ലെന്നും, ഇതാണ് പുസ്തക വിതരണം വൈകാൻ കാരണമായതെന്നുമാണ് അധികൃതരുടെ വിശദീകരണം. ഒരാഴ്ച്ചയ്ക്കുള്ളിൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിൻറെ പ്രതീക്ഷ. അതേസമയം ഒന്നാം പാദവാർഷിക പരീക്ഷയ്ക്ക് ശേഷം നൽകേണ്ട പഠന പുരോഗതി രേഖയും വിദ്യാലയങ്ങളിൽ എത്തിയിട്ടില്ലെന്ന് പരാതിയുണ്ട്. സമഗ്ര ശിക്ഷാ കേരള തയ്യാറാക്കിയിരുന്ന പഠന പുരോഗതി രേഖ സ്കൂളുകൾ സ്വന്തം ചിലവിൽ പ്രിൻറ് ചെയ്യണമെന്നാണ് നിലവിൽ നൽകിയിരിക്കുന്ന നിർദേശം.

 

Leave a Reply

Your email address will not be published.