എസ് എസ് എൽ സി, പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു; ഇംപ്രൂവ്മന്റ് പരീക്ഷക്ക് മാറ്റമില്ല
സംസ്ഥാനത്തെ എസ് എസ് എൽ സി, പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. അവലോകന യോഗത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. എഴുത്ത് പരീക്ഷകൾക്ക് ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുന്നത്.
10, 12 ക്ലാസുകളിലേക്കുള്ള വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികൾക്ക് യാതൊരു വിധ ആശങ്കയും വേണ്ടെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഒന്ന് മുതൽ ഒമ്പത് വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് സംവിധാനം ശക്തിപ്പെടുത്തും. ഒന്ന് മുതൽ 12ാം ക്ലാസ് വരെയുള്ളവർക്ക് വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുണ്ടായിരിക്കും.
എട്ട് മുതൽ 12ാം ക്ലാസ് വരെയുള്ളവർക്ക് ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസുമുണ്ടായിരിക്കും. ടീച്ചർമാർ ക്ലാസ് അറ്റന്റൻസ് നിർബന്ധമായും രേഖപ്പെടുത്തണം. 10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങൾ പരീക്ഷക്ക് മുമ്പ് നിർബന്ധമായും പൂർത്തിയാക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.