ഫലിതം പോലും പ്രസ്താവനയായി പ്രചരിച്ചു’; സിപിഐഎമ്മിനെതിരായ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് കെ സച്ചിദാനന്ദന്‍
സിപിഐഎമ്മിനെതിരായ വിവാദ പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍. ചില ഫലിതങ്ങള്‍ പ്രസ്താവനയായി ചിത്രീകരിച്ചെന്നും ഇടതുപക്ഷത്തിന്റെ പരാധീനതകള്‍ മാത്രമാണ് ചൂണ്ടിക്കാണിച്ചതെന്നുമാണ് വിശദീകരണം. തന്റെ വാക്കുകളിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
മൂന്നാം വട്ടവും കേരളത്തില്‍ സിപിഐഎം അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടി നശിക്കുമെന്നായിരുന്നു കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദന്റെ പ്രതികരണം. തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലേറുമ്പോള്‍ പാര്‍ട്ടിക്ക് ധാര്‍ഷ്ട്യമേറും. മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ അത് നാശത്തിലേക്ക് നയിക്കും. ബംഗാളില്‍ അതു കണ്ടെതാണെന്നും ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സച്ചിദാനന്ദന്‍ പറഞ്ഞുവച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചാരണ ആയുധമായി സച്ചിദാനന്ദന്റെ വാക്കുകള്‍ മാറിയെന്നായിരുന്നു ഇടതുസൈബര്‍ ഹാന്‍ഡിലുകളില്‍ നിന്നും ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍.
പ്രസ്താവന ആളിക്കത്തിയതോടെ മാധ്യമങ്ങള്‍ക്കുമേല്‍ പഴിചാരി സച്ചിതാനന്ദന്‍ മലക്കം മറിഞ്ഞു. വലതു പക്ഷത്തിന്റെ വളര്‍ച്ചയുടെ വിപത്തുകള്‍ ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തെ കൂടുതല്‍ വിശാലമായി നിര്‍വ്വചിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകള്‍ ചൂണ്ടിക്കാട്ടി. പ്രത്യേകരീതിയില്‍ എഡിറ്റ് ചെയ്ത വേര്‍ഷനുകള്‍ ആണ് പത്രത്തിലും യു ട്യൂ ബിലും വന്നതെന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്. ചില ഫലിതങ്ങള്‍ പോലും പ്രസ്താവനകള്‍ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടു. രാഷ്ട്രീയം ആയ അഭിമുഖങ്ങള്‍ ഇനി ഇല്ലെന്നും കെ സച്ചിദാനന്ദന്‍ വിശദീകരിച്ചു.