ലോകായുക്ത ഭേദഗതിയിൽ എതിർപ്പറിയിച്ച് സിപിഐ; നിർദേശങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി
ലോകായുക്ത നിയമ ഭേദഗതിയിൽ സിപിഐഎമ്മിനെ സിപിഐ വിയോജിപ്പറിയിച്ചു. ലോകായുക്ത ഭേദഗതി നിയമത്തിൻ്റെ അന്തസത്ത ഇല്ലാതാക്കുന്നതാണെന്ന വിമർശനമാണ് ഉഭയകക്ഷി ചർച്ചയിൽ സിപിഐ ഉന്നയിക്കുന്നത്. ഇതോടൊപ്പം ബദൽ നിർദ്ദേശങ്ങളും സിപിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. സിപിഐയുടെ നിർദേശങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
ലോകായുക്ത ഭേദഗതിയിൽ സി.പി.ഐ സമവായ നിർദ്ദേശങ്ങൾ മുന്നോട്ടുച്ചിട്ടുണ്ട്. സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതി രൂപീകരിക്കണമെന്നും ലോകായുക്തയുടെ തീർപ്പ് തള്ളാൻ അധികാരം നൽകണമെന്നുമാണ് സി.പി.ഐയുടെ സമവായ നിർദേശം.
ഭേദഗതി വരുമ്പോൾ ലോകായുക്തയുടെ തീർപ്പുകൾ പുനപരിശോധിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനായിരിക്കും. അത് പാടില്ലെന്നാണ് നേരത്തേ തന്നെ സി.പി.ഐ ഉന്നയിക്കുന്ന ആവശ്യം. ലോകായുക്തയുടെ മൂർച്ച ഇല്ലാതാക്കുന്ന നടപടിയാണതെന്നാണ് ആദ്യം മുതലേ സി.പി.ഐയുടെ വിമർശനം.
തീർപ്പുകൾ പുനപരിശോധിക്കാനുള്ള അധികാരം സർക്കാരിന് നൽകുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിക്ക് നൽകണമെന്നാണ് സി.പി.ഐയുടെ നിർദേശം. നിയമവശങ്ങൾ പരിശോധിച്ച് നടപടി കൈക്കൊള്ളണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്.