നടിയെ ആക്രമിച്ച കേസ്; ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും. കോടതി മാറ്റം ആവശ്യപ്പെട്ട അതിജീവിതയുടെ ഹർജിയാണ് നാളെ ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ പരിഗണിക്കുന്നത്. ജസ്റ്റിസ് കൗസർ ഇടപഗത്ത് പിന്മാറിയതിനെ തുടർന്നാണ് പുതിയ ബെഞ്ചിലേക്ക് ഹർജി വിട്ടത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ഹർജി. കഴിഞ്ഞ ദിവസമാണ് ഹർജി പരിഗണിക്കവെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ഹർജി പരിഗണിച്ചയുടൻ തന്നെ പിന്മാറുകയാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു പിന്മാറ്റം.
തുടർന്ന് അതിജീവിതയുടെ ഹർജി പുതിയ ബെഞ്ച് കൈമാറുകയായിരുന്നു. രണ്ടാം തവണയാണ് അതിജീവിതയുടെ ഹർജികളിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറുന്നത്. കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് നേരത്തെ കൗസർ എടപ്പഗത്ത് പിന്മാറിയത്. എറണാകുളം സെഷൻസ് ജഡ്ജിയായിരിക്കെ കൗസർ എടപ്പഗത്ത് നടി ആക്രമണ കേസ് പരിഗണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിജീവിത തന്നെ ജഡ്ജിയുടെ മാറ്റം ആവശ്യപ്പെട്ടപ്പോഴായിരുന്നു അന്ന് പിന്മാറ്റം.