Thursday, January 23, 2025
Kerala

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടങ്ങി

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ വിചാരണ കോടതിയിൽ നിന്നും ചോർന്നെന്ന അതി ജീവതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി അന്വേഷണം തുടങ്ങി. എറണാകുളം ജില്ലാ കോടതിയിൽ നിന്നാണ് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ചോർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അതിജീവത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് പരാതി നൽകുകയായിരുന്നു. ഹൈക്കോടതി വിജിലൻസ് ഡി.വൈ.എസ്.പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

നടിയെ ആക്രമിച്ചതിൻറെ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നോ എന്ന് അന്വേഷിക്കണമെന്ന് അതിജീവത നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നടി കത്തയച്ചു. ദൃശ്യം ചോർന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടു എന്ന് നടി പറഞ്ഞു. പീഡന ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നതിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് നടി കത്തയച്ചത്. ദൃശ്യങ്ങൾ ചോർന്നോ എന്ന ആശങ്ക പ്രകടിപ്പിച്ച നടി, ദൃശ്യങ്ങൾ അനുമതിയില്ലാതെ തുറന്നത് ഞെട്ടിച്ചുവെന്നും കത്തിൽ പറയുന്നു.

സുപ്രീംകോടതിക്ക് അയച്ച കത്തിൻറെ പകർപ്പാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്കും കൈമാറിയത്. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. പീഡനദൃശ്യങ്ങൾ പ്രതിയായ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും വിദേശത്തേക്ക് കടത്തിയെന്നും വെളിപ്പെടുത്തലുകൾ വരുന്നു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസ് ആദ്യം പരിഗണിച്ച ജില്ലാ സെഷൻസ് കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നത്. 2019 ഡിസംബർ 20നാണ് ദൃശ്യങ്ങൾ ചോർന്നതായി വിചാരണ കോടതിയിൽ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *