ശമ്പള വർധനവ്: മെഡിക്കൽ കോളജുകളിലെ ജൂനിയർ നഴ്‌സുമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിന്
ശമ്പള വർധനവ് ആവശ്യപ്പെട്ട് മെഡിക്കൽ കോളജുകളിലെ ജൂനിയർ നഴ്‌സുമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിന്. സ്റ്റാഫ് നഴ്‌സിന് നൽകുന്ന അടിസ്ഥാനവേതനമെങ്കിലും അതേ ജോലി ചെയ്യുന്ന ജൂനിയർ നഴ്‌സുമാർക്കും നൽകണമെന്നാണ് ആവശ്യം.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ തുടങ്ങി സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളജുകളിലെ 375 ജൂനിയർ നഴ്‌സുമാരാണ് സമരം ആരംഭിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സമരം സാരമായി ബാധിക്കുമെന്നാണ് അറിയുന്നത്.
ജൂനിയർ നഴ്‌സുമാർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളം 13,900 രൂപയാണ്. ഇത് സ്റ്റാഫ് നഴ്‌സുമാർക്ക് ലഭിക്കുന്ന അടിസ്ഥാനശമ്പളമായ 27,800 രൂപയായി ഉയർത്തണമെന്നതാണ് ഇവരുടെ ആവശ്യം.