Thursday, January 23, 2025
Kerala

ശോഭാ സുരേന്ദ്രനെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലി തർക്കം; പ്രതികരിച്ച് വനിതാ നേതാവ് ‌

കോഴിക്കോട്: ബിജെപി പ്രമുഖ വനിതാ നേതാവ് ശോഭ സുരേന്ദ്രനെ കോഴിക്കോട് പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ബിജെപിയിൽ തർക്കം. നേതൃത്വത്തെ പരസ്യമായി വിമർശിക്കുന്ന ശോഭയെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് വി. മുരളീധരപക്ഷമാണ് രംഗത്തെത്തിയത്. മത്സ്യത്തൊഴിലാളികളുടെ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യാനാണ് ശോഭ സുരേന്ദ്രനെ നിശ്ചയിച്ചിരുന്നത്. സംഭവത്തിൽ പ്രതികരിച്ച് ശോഭ സുരേന്ദ്രനും രം​ഗത്തെത്തി.

കേരളത്തിലെ ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നിട്ടിറങ്ങുമെന്ന് ശോഭ പറഞ്ഞു. ബിജെപിയുടെ കൊടിക്കീഴിൽ പ്രവർത്തിക്കണമെന്നാണ് ആ​ഗ്രഹം. ഉന്നയിക്കുന്ന വിഷയങ്ങൾ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ്. വിഭാഗീയത ഇപ്പോഴും ഉണ്ടെങ്കിൽ നിയന്ത്രിക്കേണ്ടത് നേതൃത്വമാണ്. കോഴിക്കോട്ട് പരിപാടിയിൽ തനിക്ക് വിലക്കുണ്ടോ എന്ന കാര്യം അറിയില്ല. അത്തരം നിലപാട് ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ നേതൃത്വം പരിശോധിക്കണം. മാനസിക സമ്മർദ്ദം കൊണ്ടാണ് കുറച്ചു കാലം പരിപാടികളിൽ നിന്ന് വിട്ടുതന്നതെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

ശോഭ സുരേന്ദ്രൻ പികെ കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ശോഭ സുരേന്ദ്രൻ രം​ഗത്തെത്തി. തൃശൂരിൽ ശോഭ സിറ്റിക്ക് വേണ്ടി പാടം നികത്താൻ ഒത്താശ ചെയ്തത് പിണറായി വിജയനാണെന്നും ഇതിനുള്ള പ്രത്യുപകാരമാണ് SRIT എന്ന കമ്പനി നടത്തിപ്പ് വീണ വിജയന് കൈമാറിയതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *