Friday, January 10, 2025
Kerala

‘ഇന്ത്യ’ കേരളത്തിലില്ല, സി.പി.ഐ.എമ്മുമായി കേരളത്തിൽ സഖ്യം സാധ്യമല്ല; കെ.സി വേണുഗോപാൽ

വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ കേരളത്തിൽ പ്രാവർത്തികമാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സി.പി.ഐ.എമ്മുമായി കേരളത്തിൽ സഖ്യം സാധ്യമല്ല. ഏതെല്ലാം സംസ്ഥാനങ്ങളിൽ സഖ്യ സാധ്യതയുണ്ടെന്ന് പരിശോധിക്കും. സഖ്യത്തിന്റെ കൺവീനറെ ബോംബെ സമ്മേളനത്തിൽ പ്രഖ്യാപിക്കും. സീറ്റ് വിഭജനവും ബോംബെയിൽ, ആര് നയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. രാഹുൽഗാന്ധിയുടെ പേര് ഏകപക്ഷീയമായി ഉയർത്തില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ബിജെപിയെ നേരിടാനായി ഇന്ത്യന്‍ നാഷനല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് – I-N-D-I-A എന്ന പേരിലാണ് വിശാല പ്രതിപക്ഷ സഖ്യം രൂപീകരിച്ചത്. ബെംഗളൂരുവില്‍ വിശാല പ്രതിപക്ഷത്തിന്റെ യോഗത്തിലാണ് പുതിയ പേര് തീരുമാനിച്ചത്.

പ്രതിപക്ഷ കൂട്ടായ്മയ്ക്ക് പുതിയ പേരു വേണമെന്ന നിര്‍ദേശമുയര്‍ന്നിരുന്നു. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) എന്നാണ് പേര്. ഇതില്‍പ്പെടാത്ത കക്ഷികളും വിശാല കൂട്ടായ്മയില്‍ ഉള്ളതിനാലാണ് യുപിഎ ഒഴിവാക്കി പുതിയ പേര്. പല പേരുകളും നിര്‍ദേശിച്ചവയില്‍നിന്ന് INDIA എന്ന പേരിലേക്ക് എല്ലാവരും എത്തുകയായിരുന്നു.

അതേസമയം 2024 പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിനെതിരെ പരാതി. സഖ്യത്തിനു നൽകിയ INDIA എന്ന പേരിലാണ് സഖ്യത്തിന്റെ ഭാഗമായ 26 കക്ഷിനേതാക്കൾക്കെതിരെ ഡൽഹി പൊലീസിൽ പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ പേര് രാഷ്ട്രീയ സഖ്യത്തിനിടുന്നത് അനുചിതമാണെന്നും തെരഞ്ഞെടുപ്പിലടക്കം തെറ്റായ സ്വാധീനമുണ്ടാക്കുന്നതാണിതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *