അനന്യയുടെ മരണം: സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ബിന്ദുവിന്റെ നിർദേശം
ട്രാൻസ്‌ജെൻഡർ അനന്യയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനായി 23ന് ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗം വിളിച്ചു ചേർക്കുമെന്ന് മന്ത്രി ആർ ബിന്ദു. ട്രാൻസ്‌ജെൻഡർ വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ചയാകും. ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും പിഴവുകളില്ലാതെയും നടത്തുന്നതിനാവശ്യമായ മാർഗരേഖ തയ്യാറാക്കും.
സർക്കാർ ആഭിമുഖ്യത്തിൽ ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ സാധ്യതകൾ പരിശോധിക്കും. അനന്യയുടെ ആത്മഹത്യയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയോട് നിർദേശിച്ചതായും മന്ത്രി അറിയിച്ചു.