‘എസ്എഫ്ഐയെ നിയന്ത്രിക്കണമെന്ന് സിപിഐ’: സിപിഐഎമ്മിനോട് ആവശ്യപ്പെടുമെന്ന് കാനം രാജേന്ദ്രൻ
എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണമെന്ന ആവശ്യവുമായി സിപിഐ. ഇക്കാര്യം സിപിഐഎമ്മിനോട് ആവശ്യപ്പെടാൻ സിപിഐ യോഗത്തിൽ തീരുമാനമായി. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ ഇത് സംബന്ധിച്ച് പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ നിലപാട് അറിയിച്ചു. സിപിഐഎമ്മുമായി ഇക്കാര്യം ചർച്ച ചെയ്യാമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ് എഫ് ഐ യെ നിയന്ത്രിക്കാൻ സിപിഐഎമ്മിന് സാധിക്കുന്നില്ലെന്നും യോഗം വിലയിരുത്തി.
എസ്എഫ്ഐയിലെ വ്യാജരേഖാ വിവാദം സംസ്ഥാന സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കെയാണ് ഇന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേർന്നത്. എസ്എഫ്ഐക്കെതിരെ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾ യോഗത്തിൽ ചർച്ചയായി.
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ നടപടിയെടുത്ത് കേരള സർവകലാശാല. നിഖിൽ തോമസിന്‍റെ എം കോം രജിസ്ട്രേഷൻ റദ്ദാക്കി. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബി.കോം ബിരുദത്തിനുള്ള തുല്യത സർട്ടിഫിക്കറ്റും കേരള സർവകലാശാല റദ്ദാക്കിയിട്ടുണ്ട്.നിഖിൽ തോമസിന്റെ പ്രവേശനം സംബന്ധിച്ച രേഖകൾ പൊലീസിന് കൈമാറി.
അതേസമയം, നിഖിൽ തോമസിനെതിരെ കണ്ടത്താൻ പൊലീസ് വ്യാപക പരിശോധന തുടരുകയാണ്. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പൊലീസ് അന്വേഷണം. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉൾപ്പെടയുള്ള നിഖിലിന്‍റെ അടുത്ത സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു.
അഡ്മിഷൻ കമ്മിറ്റി കൺവീനർ എന്ന നിലയിൽ സർട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പ് വരുത്താൻ ചുമതലപ്പെട്ട എംഎസ്എം കോളേജിലെ കോമേഴ്സ് വകുപ്പ് മേധാവി അടക്കമുള്ള അധ്യാപകരുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തുന്നുണ്ട്.