Monday, January 6, 2025
Kerala

പകര്‍ച്ചപ്പനി പ്രതിരോധം: ഗൃഹ സന്ദര്‍ശന വേളയില്‍ കൃത്യമായ അവബോധം നല്‍കണം: ആരോഗ്യ മന്ത്രി

ഗൃഹസന്ദര്‍ശന വേളയില്‍ പകര്‍ച്ചപ്പനി പ്രതിരോധം സംബന്ധിച്ച് ആശാ പ്രവര്‍ത്തകര്‍ കൃത്യമായ അവബോധം നല്‍കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അസാധാരണമായ പനിയോ ക്ഷീണമോയുണ്ടെങ്കില്‍ ശ്രദ്ധിച്ച് അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ഡെങ്കിപ്പനി, സിക്ക, എലിപ്പനി എന്നിവയിലെല്ലാം പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. കൊതുകിന്റെ ഉറവിട നിശീകരണം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കുകയാണ്. അതില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തെ പകര്‍ച്ചപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജ് ആശാ പ്രവര്‍ത്തകരുമായി ഫേസ്ബുക്ക് ലൈവ് വഴി സംവദിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിലും ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളിലും ആശമാര്‍ വഹിക്കുന്ന പങ്ക് വലുതാണ്. ഇതോടൊപ്പം എല്ലാവരുടേയും പിന്തുണ ഉറപ്പാക്കുന്നതിനാണ് ആശമാരുമായി മന്ത്രി നേരിട്ട് സംസാരിച്ചത്.

പനിതടയുക, വരാതിരിക്കുക എന്നിവ വളരെ പ്രധാനമാണ്. ജലജന്യ രോഗങ്ങള്‍ ഒഴിവാക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. മണ്ണുമായും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കൊവിഡ് തുടങ്ങി ആരോഗ്യ പ്രതിസന്ധികളില്‍ ഒപ്പം നിന്നവരാണ് ആശമാര്‍. സ്തുത്യര്‍ഹമായ സേവനങ്ങളാണ് എല്ലാവരും നടത്തുന്നത്. സ്വയം പ്രതിരോധം ഉറപ്പ് വരുത്തി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *