Thursday, January 9, 2025
Kerala

സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒ.ടി.ടി: പുതിയ പ്ലാറ്റ്ഫോം ഓണത്തിന്

 

അഞ്ച് കോടി മുടക്കി ഓണത്തിന് ഒ.ടി.ടി പ്ലാറ്റ്‌ഫോം ഒരുക്കാൻ സംസ്ഥാന സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം പ്രതിസന്ധിയിലായിരിക്കെയാണ് ഒ.ടി.ടി എന്ന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍ എത്തുന്നത്.

ഓണം മുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രേക്ഷകർക്ക് സിനിമകൾ എത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് സർക്കാർ ഒ.ടി.ടി പ്ലാറ്റ്ഫോം ഒരുക്കുന്നത്. അ‌ഞ്ച്കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോർട്ട് കെ.എസ്.എഫ്.ഡി.സി നാളെ സർക്കാരിന് സമർപ്പിക്കും. അംഗീകാരം ലഭിച്ചാലുടൻ വിശദമായി പദ്ധതി രേഖ തയ്യാറാക്കും.

ഈ പുതിയ തീരുമാനത്തില്‍ നിര്‍മാതാക്കളുടെ നിലപാട് വളരെ നിർണായകമാണ്. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങൾ, അവാര്‍ഡ് ചിത്രങ്ങള്‍, ചിത്രാഞ്ജലി പാക്കേജില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ എന്നിവക്ക് സര്‍ക്കാര്‍ ഒ.ടി.ടിയില്‍ ഗുണമുണ്ടാകും.

കോവിഡ് ലോക്ക് ഡൗണ്‍ വന്നതിന് തൊട്ടുപിന്നാലെയാണ് സിനിമകള്‍ ഒ.ടി.ടി വഴി പുറത്തിറക്കി തുടങ്ങിയത്. ജയസൂര്യ നായകനായ സൂഫിയും സുജാതയുമാണ് ഒ.ടി.ടി യില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം. പിന്നീട് ഫഹദ് ഫാസിലിന്റെ സീ യൂ സൂണ്‍, ജോജി, ഇരുള്‍ എന്നീ ചിത്രങ്ങളും മോഹന്‍ലാലിന്റെ ദൃശ്യം 2വും ഒ.ടി.ടി വഴി പുറത്തിറങ്ങി. ഫഹദ് ഫാസില്‍ നായകനായ ‘മാലിക്’, പൃഥിരാജ് നായകനായ കോള്‍ഡ് കേസ് എന്നിവയാണ് ഒ.ടി.ടിയില്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *