Thursday, January 9, 2025
Kerala

ഇന്ധനവില ജിഎസ്ടിയില്‍ പെടുത്തണമെന്ന ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി; നയപരമായ വിഷയമെന്ന കേന്ദ്രവാദത്തിന് അംഗീകാരം

 

പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കേരള ഹൈക്കോടതി. ഇന്ധനവിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നയപരമായ വിഷയമാണെന്ന കേന്ദ്രവാദത്തിന് കോടതി അംഗീകാരം നല്‍കുകയായിരുന്നു. ഹര്‍ജി ചീഫ് ജസ്റ്റിന് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കി. കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയായിരുന്നു ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്.

കഴിഞ്ഞ ആറ് മാസക്കാലത്തിനിടെ പെട്രോളിന്റെ എക്‌സൈസ് നികുതിയില്‍ 206 ശതമാനത്തിലേറെ വര്‍ധനയുണ്ടായതിനാല്‍ ഇന്ധനവില കുതിച്ചുകയറുന്നത് സാധാരണക്കാര്‍ക്ക് വന്‍ ദുരിതമാണുണ്ടാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇന്ധനവിലയേയും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വിവിധയിടങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. ഇന്ധവിലയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ നിലവിലെ ഉയര്‍ന്ന നിരക്കായ 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയാലും ഇന്ധനവിലയില്‍ നിര്‍ണ്ണായകമായ കുറവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറഞ്ഞിരുന്നത്.

തുടര്‍ച്ചയായ പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനിടെ ഇന്ന് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ . പെട്രോള്‍ ലിറ്ററിന് 29 പൈസയും, ഡീഡല്‍ ലിറ്ററിന് 30 പൈസയും കൂടിയിരുന്നു. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 98 രൂപ പിന്നിടുകയായിരുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 98.93 രൂപയായി. 94.17 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്. കോഴിക്കോട് -പെട്രോള്‍ 97.69, ഡീസല്‍ 93.07, കൊച്ചി- 97.32, ഡീസല്‍ 93.71.20 ദിവസത്തിനിടെ പതിനൊന്നാം തവണയാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *