Wednesday, January 8, 2025
Kerala

വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവാവിനെതിരെ ക്വട്ടേഷന്‍: കൊല്ലം സ്വദേശിയായ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കൊല്ലം സ്വദേശിയായ യുവതി അറസ്റ്റില്‍. യുവതിയെയും ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണയെന്ന യുവാവിനേയും സുഹൃത്ത് വിഷ്ണുവിനേയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് കേസ്.

ഗൗതം കൃഷ്ണയക്കെതിരെ ക്വട്ടേഷന്‍ നല്‍കിയ ലിന്‍സി ലോറന്‍സ് എന്ന ചിഞ്ചു റാണി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പാരിപ്പള്ളിയിലെ ഒരു മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ ഗൗതം കൃഷ്ണയോട് ലിന്‍സി ഒന്നര വര്‍ഷം മുന്‍പാണ് അടുക്കുന്നത്. ഗൗതം കൃഷ്ണയോട് തന്നെ വിവാഹം കഴിക്കണമെന്ന് ലിന്‍സി ആവശ്യപ്പെടുകയും ഇത് യുവാവ് നിരസിച്ചതോടെ ലിന്‍സിക്ക് ഇയാളോട് പകയുണ്ടാകുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇക്കഴിഞ്ഞ 14ന് ഉച്ചകഴിഞ്ഞ് തന്റെ ബന്ധുക്കള്‍ വരുമെന്നും അവര്‍ കുറച്ച് പണം തരുമെന്നും ധരിപ്പിച്ചാണ് ലിന്‍സി ഗൗതം കൃഷ്ണയേയും സഹപ്രവര്‍ത്തകന്‍ വിഷ്ണുവിനേയും സംഭവ സ്ഥലത്തെത്തിക്കുന്നത്. യുവാക്കളെ മര്‍ദ്ദിച്ചശേഷം ക്വട്ടേഷന്‍ സംഘം ഉവരുടെ കയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചെന്ന് പൊലീസ് പറയുന്നു. കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ അമ്പു, അനന്തു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 40000 രൂപയ്ക്കായിരുന്നു ഇവര്‍ ലിന്‍സിയുമായി ക്വട്ടേഷന്‍ ഉറപ്പിച്ചിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *