Thursday, January 9, 2025
Kerala

‘തലശ്ശേരി ബിഷപ്പ് സാംസ്കാരിക കേരളത്തിന് തന്നെ അപമാനം’, പദവിക്ക് നിരക്കാത്ത പരാമർശമെന്നും എഐവൈഎഫ്

തിരുവനന്തപുരം : രക്തസാക്ഷികളുമായി ബന്ധപ്പെട്ട് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയ പരാമർശം പദവിക്ക് നിരക്കാത്തതാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എൻ അരുൺ. സാംസ്കാരിക കേരളത്തിന് തന്നെ ബിഷപ്പ് അപമാനമെന്നും എൻ അരുൺ അഭിപ്രായപ്പെട്ടു. എല്ലാ വ്യക്തികൾക്കും എല്ലാകാര്യങ്ങളെക്കുറിച്ചും അറിവുണ്ടാകണമെന്നില്ല. അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയരുത്. ജനങ്ങൾക്ക് നല്ലവഴി കാണിക്കേണ്ടവർ ഇങ്ങനെ വിവരക്കേട് പറയരുതെന്നും എൻ അരുൺ കൂട്ടിച്ചേർത്തു.

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കണ്ണൂർ ചെറുപുഴയിൽ നടന്ന കെസിവൈഎം യുവജന ദിനാഘോഷ വേദിയിൽ വെച്ച് നടത്തിയ പരാമർശമാണ് വിവാദമായത്. കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നും ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരാണെന്നുമായിരുന്നു പരാമർശം. അപ്പസ്തോലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിനും നന്മയ്ക്കും വേണ്ടിയിരുന്നുവെന്ന് പറഞ്ഞ ബിഷപ്പാണ് രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയത്.

നേരെത്തെ റബ്ബർ വില 300 ആക്കിയാൽ ബിജെപിക്ക് കേരളത്തിൽ എംപിയില്ലെന്ന പ്രശ്നം മാറ്റിത്തരാമെന്ന ബിഷപ്പിന്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. പിന്നാലെയാണ് വിവാദം സൃഷ്ടിച്ച് തലശ്ശേരി ബിഷപ്പ് വീണ്ടും ചർച്ചയിലിടംനേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *