Saturday, April 19, 2025
Kerala

കിഴിശ്ശേരിയിലെ ആൾക്കൂട്ട മർദ്ദനം, അന്വേഷണം മുന്നോട്ട്; ദുരൂഹത നീക്കാൻ പൊലീസ്

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിലെ ആൾക്കൂട്ട മർദ്ദനത്തിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. രാജേഷ് മാഞ്ചി എന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒമ്പത് പേരാണ് അറസ്റ്റിലായിരുന്നത്. കേസിലെ ദുരൂഹത പൂര്‍ണമായി നീക്കാനുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. താൻ മോഷ്ടിക്കാൻ വന്നതല്ലെന്നും വിട്ടയക്കണമെന്നും രാജേഷ് മാഞ്ചി പലതവണ അപേക്ഷിച്ചിരുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

മോഷ്ടിക്കാൻ വന്നതല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പ്രതികൾ കേട്ടില്ല. തൊട്ടടുത്തുള്ള രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ സംഭവ സമയം അക്രമികൾ വിളിച്ചു വരുത്തി രാജേഷ് മാഞ്ചിയെ അറിയാമോയെന്ന് ചോദിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു. ബീഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയെ മോഷണക്കുറ്റം ആരോപിച്ചാണ് കിഴിശ്ശേരിയില്‍ നാട്ടുകാരായ ഒമ്പത് പ്രതികള്‍ രണ്ടമണിക്കൂറോളം പൈപ്പും മരക്കമ്പുകും ഉപയോഗിച്ച് കെട്ടിയിട്ട് മര്‍ദിച്ച് മാരക പരിക്കേല്‍പ്പിച്ച് കൊലപ്പടുത്തിയത്.

ദൃശ്യങ്ങളും ഫോണില്‍ പകര്‍ത്തി പിന്നീട് തെളിവുകളും നശിപ്പിച്ചു. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലത്തിന് മുന്നൂറ് മീറ്റര്‍ അടുത്തുള്ള വീടിന് സമീപത്തായിരുന്നു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. വീട്ടുകാരനായ മുഹമ്മദ് അഫ്സലും തൊട്ടുത്ത കോഴിക്കടയിലെ രണ്ട് പേരും അര്‍ദ്ധ രാത്രി 12 മണിയോടെ ഇയാളെ പിടിച്ചുവെച്ചു. പിന്നീട് ബന്ധുക്കളും അയല്‍വാസികളുമായ അഞ്ച് പേരെക്കൂടി വിളിച്ചു വരുത്തി. മോഷണക്കുറ്റം ആരോപിച്ച് കൈ കെട്ടിയിട്ട് 12.15 മുതല്‍ രണ്ടരവരെ ചോദ്യം ചെയ്ത് മര്‍ദിച്ചു.

ഒടുവില്‍ കെട്ടി വലിച്ച് അമ്പതു മീറ്റര്‍ കൊണ്ടു പോയി വിവരം പൊതുപ്രവര്‍ത്തകനെ അറിയിച്ചു. ഇയാളാണ് സംഭവം പൊലീസിനെ അറിയിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും പകര്‍ത്തി. പിന്നീട് ഡിലീറ്റ് ചെയ്തു. മരിച്ചയാളുടെ ടീ ഷര്‍ട്ട് ഒളിപ്പിച്ചു. കിഴിശ്ശേരി സ്വദേശി മുഹമ്മദ് അഫ്സല്‍, ഫാസില്‍, ഷററുദ്ദീന്‍, മെഹബൂബ്, അബ്ദുസമദ്, നാസര്‍, ഹബീബ്, അയ്യൂബ്, എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

തൊട്ടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ച സൈനുള്‍ ആബിദീന്‍ എന്നയാളും പിടിയിലായിട്ടുണ്ട്. ആൾക്കൂട്ടക്കൊലപാതകം സംസ്ഥാനത്ത് വ്യാപകമായി നടക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞു. ഇത് കാണാതെ പോകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *