Friday, April 18, 2025
Kerala

കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ; വിവാദ പരാമർശവുമായി മാർ ജോസഫ് പാംപ്ലാനി

രക്തസാക്ഷികളെപ്പറ്റി വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരാണെന്നും പാംപ്ലാനി പ്രസം​ഗിച്ചു. കണ്ണൂരിൽ നടന്ന കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്.

അപ്പോസ്തലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിന് വേണ്ടിയായിരുന്നുവെന്നും എന്നാൽ രാഷ്ട്രീയ രക്തസാക്ഷികൾ അങ്ങനെയല്ലെന്നുമാണ് അദ്ദേഹം പ്രസം​ഗത്തിലൂടെ സമർത്ഥിക്കാൻ ശ്രമിച്ചത്. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പേര് എടുത്ത് പറഞ്ഞുകൊണ്ടല്ല ഇത്തരത്തിലൊരു പ്രസം​ഗം നടത്തിയത്. ഇതിന് പുറമേ മറ്റ് പല വിഷയങ്ങളെപ്പറ്റിയും തലശ്ശേരി ആർച്ച് ബിഷപ്പ് സംസാരിച്ചു.

യുവജനങ്ങൾക്ക് കേരളത്തിൽ ജീവിക്കാനുള്ള സാഹചര്യം ഇല്ലാതായി. അതുകൊണ്ടാണ് പ്ലസ്ടു കഴിഞ്ഞ ഉടൻ യുവതീ യുവാക്കൾ വിദേശത്തേയ്ക്ക് പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റബറിന് വില വര്‍ധിപ്പിച്ചാല്‍ കേരളത്തില്‍ ബിജെപിക്ക് എം പിമാരില്ലായെന്ന കുറവ് മലയോര കര്‍ഷകര്‍ പരിഹരിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മുമ്പ് പറഞ്ഞിരുന്നു. അതും വലിയ രാഷ്ട്രീയ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *