ഷൊർണൂരിൽ സ്റ്റോപ്പില്ലെങ്കിൽ വന്ദേഭാരത് തടയും: വി.കെ ശ്രീകണ്ഠൻ എം.പി
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് പാലക്കാട് എം.പി വി കെ ശ്രീകണ്ഠൻ. വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് സ്റ്റോപ്പുകള്‍ പ്രഖ്യാപിക്കണം. ഷൊര്‍ണൂരില്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം റെയില്‍വെ ഗൗരവത്തില്‍ പരിഗണിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
വന്ദേഭാരതിന് നരേന്ദ്ര മോദി തിരുവനന്തപുരത്ത് പച്ചക്കൊടി കാണിക്കും. ട്രെയിന്‍ പുറപ്പെടും. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലെങ്കില്‍ ട്രെയിന്‍ അവിടെയെത്തുമ്പോള്‍ പാലക്കാട് എം.പി ചുവപ്പുകൊടി കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്‍റില്‍ കേരളത്തിലെ എംപിമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് കേരളത്തിന് ട്രെയിന്‍ അനുവദിച്ചത്. വന്ദേഭാരത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു.
ഷൊർണൂർ ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിക്കാത്തതിന് റെയിൽവേ ഉന്നയിച്ച കാരണം വേഗതയെ ബാധിക്കുമെന്നാണ്. ട്രയൽ റൺ നടത്തിയപ്പോൾ തന്നെ വള്ളത്തോൾ നഗർ മുതൽ കാരക്കാട് വരെ 15 കി. മീ. വേഗതയിലാണ് ട്രെയിനിന് പോകാൻ കഴിഞ്ഞുള്ളൂ. അതിനാൽ വേഗത കുറയുന്നുവെന്ന കാരണം അംഗീകരിക്കാൻ ആവില്ലെന്ന് എം.പി ചൂണ്ടിക്കാട്ടി.
ദക്ഷിണേന്ത്യയിൽ തന്നെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഷൊർണൂർ ജംഗ്ഷൻ. പാലക്കാട് ജില്ലയിൽ നിന്നുമുള്ള യാത്രക്കാരും തൃശൂരിന്റെയും, മലപ്പുറത്തിന്റെയും പകുതി ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും ഷൊർണൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്.