മധു വധക്കേസ് : വാദം കേൾക്കൽ ഇന്ന് മുതൽ ആരംഭിക്കും
അട്ടപ്പാടി മധു വധ കേസിൽ വാദം കേൾക്കൽ ഇന്ന് മുതൽ ആരംഭിക്കും. പ്രോസിക്യുഷൻ സാക്ഷികളുടെ വിസ്താരവും പ്രതിഭാഗം സാക്ഷിവിസ്താരവും പൂർത്തിയായിരുന്നു. അടുത്ത മാസത്തിൽ വിധി പ്രസ്താവം ഉണ്ടാവാനാണ് സാധ്യത.
പ്രതിഭാഗം സാക്ഷിവിസ്ഥാരവും പൂർത്തിയായതോടെയാണ് മധു കേസ് വാദം കേൾക്കൽ നടപടികളിലേക്ക് കടക്കുന്നത്.കേസിൽ ആകെ 122 സാക്ഷികളാണുണ്ടായിരുന്നത്.പിന്നീട് അഞ്ച് സാക്ഷികളെ കൂടി വിസ്തരിച്ചു. അതോടെ സാക്ഷികളുടെ എണ്ണം 127 ആയി. അതിൽ 24 പേർ കൂറുമാറി. രണ്ട് പേർ മരിച്ചു.കേസ് സംബന്ധിച്ച് നേരത്തെ പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറഞ്ഞ താൽക്കാലിക വനം വകുപ്പ് വാച്ചർമാരെ സർവിസിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു.പ്രോസിക്യൂഷന് അനുകൂലമായും നിരവധി സാക്ഷികൾ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.
സാക്ഷി മൊഴികളും ഹാജരാക്കിയ രേഖകളും തെളിവുകളും വിശദമായി പരിശോധിച്ചുള്ള വാദമാണ് ഇനി നടക്കുക. നാളേക്ക് മധു കൊല്ലപ്പെട്ടിട്ട് അഞ്ചുവർഷം തികയും.