അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ സുനിൽ കുമാറിനെതിരെയുള്ള പരാതിയില്‍ വിധി ഇന്ന്
അട്ടപ്പാടി മധുവധ കേസില്‍ 29ാം സാക്ഷി സുനില്‍കുമാറിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ പരാതിയില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കും. സാക്ഷി കോടതിയെ കബളിപ്പിച്ചെന്ന് കാണിച്ചാണ് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതേസമയം മൂന്ന് സാക്ഷികളുടെ വിസ്താരവും ഇന്ന് നടക്കും.98,99,100 സാക്ഷികളുടെ വിസ്താരമാണ് നടക്കുക.ഇന്നലെ മധുവിന്റെ അമ്മ മല്ലി,സഹോദരി ചന്ദ്രിക,ഇവരുടെ ഭര്‍ത്താവ് എന്നിവരുടെ വിസ്താരം നടന്നിരുന്നു.വിചാരണക്കിടെ മധുവിന്റെ അമ്മ കോടതിയില്‍ പൊട്ടിക്കരഞ്ഞു.കേസിലെ സര്‍ക്കാര്‍ അഭിഭാഷകന് വേതനം നല്‍കാത്തതിലെ ആശങ്ക മല്ലി കോടതിയെ അറിയിച്ചിരുന്നു.
മധുവിനെ മർദ്ദിക്കുന്നത് ഉൾപ്പെടെ കണ്ടിരുന്നു എന്നായിരുന്നു നേരത്തെ സുനിൽകുമാർ പൊലീസിന് മൊഴി നൽകിയിരുന്നത്. കോടതിയിൽ ഇന്നലെ ഇത് മാറ്റി പറഞ്ഞു. തുടർന്ന് മധുവിനെ മർദ്ദിക്കുന്നത് സുനിൽകുമാർ നോക്കിനിൽക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കോടതിയിൽ പ്രദർശിപ്പിച്ചു. അതോടെ തനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല എന്ന് സുനിൽകുമാർ പറഞ്ഞു. പിന്നീട് കോടതി നിർദ്ദേശ പ്രകാരം ഇയാളുടെ കാഴ്ചശക്തി പരിശോധിച്ചു. പരിശോധനയിൽ കാഴ്ചയ്ക്ക് തകരാറില്ലെന്ന് കണ്ടെത്തി. തുടർന്ന് കള്ളസാക്ഷി പറഞ്ഞ് കോടതിയെ കബളിപ്പിക്കാൻ സുനിൽ കുമാർ ശ്രമിച്ചു എന്ന് കാട്ടി പ്രോസിക്യൂഷൻ കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.