‘പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കും’; പത്തനംതിട്ട കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്
പത്തനംതിട്ട കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രസ്താവന നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി വിലക്ക് ലംഘിച്ചാല്‍ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കെ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ഗുരുതര അച്ചടക്ക ലംഘനമായി കാണും. ഇത്തരം രീതികളെ കെപിസിസി വച്ചുപൊറുപ്പിക്കില്ല. നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ നോക്കാതെ നടപടിയെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
പത്തനംതിട്ടയിലെ ഡിസിസി പ്രസിനഡന്റിന്റെ മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബാബു ജോര്‍ജ് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് പി ജെ കുര്യനെതിരെ ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതിന് ജില്ലാ നേതൃത്വം മറുപടി പറയുകയും ചെയ്തിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്കിടയിലാണ് പരസ്യ പ്രസ്താവനകള്‍ വേണ്ടെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.