പൊലീസ്- ഗുണ്ടാ ബന്ധം: മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഡിജിപി
ഗുണ്ടാ സംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി. റാങ്ക് വ്യത്യാസമില്ലാതെ നടപടിയെടുക്കുമെന്ന് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഡിജിപി നിര്‍ദേശിച്ചു. ഗുണ്ടാബന്ധമുള്ളവര്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ ഇത്തരം സംഘങ്ങള്‍ക്ക് അവസരം നല്‍കരുതെന്ന് ഡിജിപി പറഞ്ഞു. ഗുണ്ടകളുമായി ബന്ധമുള്ളവരുടെ വിവരം പൊലീസ് ആസ്ഥാനത്ത് നല്‍കണം. കൃത്യമായ നിയമോപദേശം തേടി നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കി. ഡിഐജിമാരും ജില്ലാ പൊലീസ് മേധാവിമാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉന്നതതല യോഗം കഴിഞ്ഞ ആറുമാസത്തെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടുകെട്ടുന്നതു സംബന്ധിച്ച കേസുകളില്‍ വിവിധ ജില്ലകളില്‍ വലിയ പുരോഗതി കഴിഞ്ഞ ആറു മാസത്തിനുളളില്‍ ഉണ്ടായി. ഈ മുന്നേറ്റം ശക്തമായി കൊണ്ടുപോകാന്‍ ലഹരി മരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ തീരുമാനിച്ചു. കൂടാതെ കാപ്പാ നിയമപ്രകാരമുളള നടപടിക്രമങ്ങളില്‍ നല്ല പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി.
പൊതുജനങ്ങളോടുളള പൊലീസിന്റെ സമീപനം പൊതുവേ മെച്ചപ്പെട്ടതായി യോഗം വിലയിരുത്തി. എന്നാല്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഇപ്പോഴും ഉയരുന്നതായി അഭിപ്രായം ഉയര്‍ന്നു. ഈ പ്രവണത അനുവദിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമായി ബന്ധം പുലര്‍ത്തുന്ന ഓഫീസര്‍മാര്‍ക്കെതിരെ എടുത്തുകൊണ്ടിരിക്കുന്ന ശക്തമായ നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അത്തരക്കാര്‍ക്കെതിരെ റാങ്ക് വ്യത്യാസമില്ലാതെ നടപടി സ്വീകരിക്കും. നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാന്‍ അവസരം ലഭിക്കാത്ത വിധത്തിലായിരിക്കണം ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടത്. ഇതിനായി കൃത്യമായ നിയമോപദേശം തേടണം. സാമൂഹ്യവിരുദ്ധരുമായി ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യമായ ഇടവേളകളില്‍ പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മേധാവിമാരും ഡി.ഐ.ജിമാരും ശ്രദ്ധിക്കണം. ഇതിനൊപ്പംതന്നെ സര്‍വ്വീസിലുടനീളം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഉദ്യോഗസ്ഥരെ കാലതാമസം കൂടാതെതന്നെ ആദരിക്കാനും ശ്രദ്ധിക്കണം.
ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചുകള്‍ ശക്തിപ്പെടുത്തുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ മുന്‍ഗണന നല്‍കണം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ മേധാവിമാര്‍ എല്ലാ ആഴ്ചയും വിളിച്ചുചേര്‍ത്ത് ലഭ്യമായ വിവരങ്ങള്‍ കൃത്യമായി വിശകലനം ചെയ്യണം. പൊതു ഇടങ്ങളില്‍ പരമാവധി സ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ മുന്‍കൈ എടുക്കണം. ഇതിനായി വ്യാപാരികളുടെ സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹായം തേടാം. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകളില്‍ ഒരെണ്ണം റോഡിലെ ദൃശ്യങ്ങള്‍ ലഭിക്കത്തക്കവിധം ക്രമീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കണം.
എമര്‍ജെന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ (ERSS)) അടിയന്തിര സഹായനമ്പരായ 112 ല്‍ ലഭിക്കുന്ന കോളുകള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുളളില്‍ സഹായം ലഭ്യമാക്കണം. ഓരോ ജില്ലയിലും സഹായം ലഭ്യമാക്കാന്‍ ഇപ്പോള്‍ എടുക്കുന്ന സമയം കുറയ്ക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കണം. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെയുളള പോലീസ് നടപടികള്‍ ശക്തമാക്കുന്നതിനായി പ്രത്യേക പദ്ധതിരേഖ തയ്യാറാക്കും. ഇതിനായി തെലുങ്കാനയില്‍ നടപ്പിലാക്കിയ സംവിധാനം ഇവിടെയും നടപ്പാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു.