പാറ്റൂരിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ കേസിൽ ഓംപ്രകാശിന്റെ കൂട്ടാളികൾ കീഴടങ്ങി
തിരുവനന്തപുരം പാറ്റൂരിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ കേസിൽ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികൾ കീഴടങ്ങി. അഭിഭാഷകന്റെ സഹായത്തോടെ തിരുവനന്തപുരത്തെ കോടതിയിലാണ് കീഴടങ്ങിയത്. കേസിൽ പ്രധാന പ്രതികളായ ആരിഫ്, ആസിഫ്, ജോമോൻ, രഞ്ജിത്ത് എന്നിവരാണ് കീഴടങ്ങിയത്.
ഇതിൽ ആരിഫ് ഒളിവിൽ കഴിയവേ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയെയും, സിപിഐ നേതാവിന്റെ മകളെയും ഫോണിൽ വിളിച്ചെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. പ്രതികൾ ഊട്ടിയിൽ ഒളിവിൽ കഴിഞ്ഞുവെന്നാണ് പൊലീസ് വിലയിരുത്തൽ. അതേ സമയം ഗുണ്ടാ സംഘത്തലവൻ ഓംപ്രകാശ് ഇപ്പോഴും ഒളിവിലാണ്. ഓം പ്രകാശ് ഡൽഹിയിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പാറ്റൂർ ആക്രമണ കേസിലെ ഓംപ്രകാശിന്റെ കൂട്ടാളികളുടെ കീഴടങ്ങൽ പൊലീസ് ഒത്താശയോടെയാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
വിവാദമായ കേസായിരുന്നിട്ടും കോടതി പരിസരത്ത് പൊലീസുണ്ടായിരുന്നില്ല. കീഴടങ്ങാൻ എത്തിയ പ്രതി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് കോടതിയിൽ എത്തിയത്. കോടതി പരിസരത്ത് ഗുണ്ടാ-ക്രിമിനൽ കേസുകളിൽ പ്രതിയായവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.