പാറ്റൂര്‍ ഗുണ്ടാ ആക്രമണം: ഒളിവില്‍ പോയ പ്രതികള്‍ ഉന്നതരുമായി ഫോണില്‍ ബന്ധപ്പെട്ടു; പൊലീസ് ഊട്ടിയിലേക്ക് തിരിച്ചു
പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസിലെ പ്രതികള്‍ ഉന്നതരുമായി ബന്ധപ്പെട്ടെന്ന് പൊലീസ്. കേസിലെ രണ്ടാം പ്രതി ആരിഫ് ഒളിവിലിരിക്കെ ഉന്നതരെ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയേയും സി.പി.ഐ നേതാവിന്റെ മകളെയും ഇയാള്‍ ഫോണില്‍ വിളിച്ചു. ഫോണ്‍ നിരീക്ഷിച്ച പൊലിസ് പ്രതികള്‍ ഒളിവില്‍ കഴിയുന്നത് ഊട്ടിയിലെന്നു സംശയിക്കുന്നുണ്ട്. പൊലീസ് ഊട്ടിയിലേക്ക് തിരിച്ചുവെന്നാണ് വിവരം.
കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് ഉള്‍പ്പെട്ട ആക്രമണമാണ് പാറ്റൂരില്‍ നടന്നത്. ഓം പ്രകാശിന്റെ സംഘത്തില്‍പെട്ടയാളാണ് ആരിഫ്.അന്വേഷണം ഇന്നലെ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ഗുണ്ടാ ബന്ധമുള്ള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലാ തല പരിശോധന നടത്താന്‍ ഡിജിപി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
പാറ്റൂരില്‍ കാര്‍ അടിച്ചുതകര്‍ത്ത് ഗുണ്ടാ സംഘം നാലുപേരെ വെട്ടിപ്പരുക്കേല്‍പപ്പിച്ച കേസിലാണ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നത്. ഓം പ്രകാശിന്റെ ഡ്രൈവര്‍ ഇബ്രാഹിം, സഹായി സല്‍മാന്‍ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. മറ്റ് പ്രതികള്‍ ഒൡവിലാണ്.