ആലപ്പുഴ ബൈപാസ് ഉദ്ഘാടനം; ചടങ്ങിനായി സംസ്ഥാന സര്‍കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി കേന്ദ്രം
ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സര്‍കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി കേന്ദ്രം. മന്ത്രി തോമസ് ഐസക്, പി തിലോത്തമന്‍, എംപി മാരായ എ എം ആരിഫ് , കെ സി വേണുഗോപാല്‍ എന്നിവരുടെ പേരാണ് കേന്ദ്രം ഒഴിവാക്കിയത്.
പ്രൊട്ടോക്കോള്‍ പ്രകാരം സ്ഥലം എം.പി എ.എം. ആരിഫും ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്. രാജ്യാസഭാംഗമായ കെ.സി.വേണുഗോപാലിനെയും ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. ബൈപ്പാസ് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വലിയ സംഭാവന നല്‍കിയ ആളാണ് കെ.സി.വേണുഗോപാല്‍. ഇതെല്ലാം കണക്കിലെടുത്താണ് മന്ത്രി ജി.സുധാകരന്‍ നിര്‍ദേശം തയ്യാറാക്കിയത്.
എന്നാല്‍ നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്ന് സംസ്ഥാനത്തേക്ക് വന്ന കരട് നിര്‍ദേശത്തില്‍ ഇവരെ ഒഴിവാക്കുകയായിരുന്നു. പകരം കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രിയെയും കേന്ദ്രസഹമന്ത്രി വി.മുരളീധരനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ ഇവരെ ഉള്‍പ്പെടുത്തണമെന്ന് കാട്ടി സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഈ മാസം 28 നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു ബൈപാസ് നാടിന് സമര്‍പ്പിക്കുന്നത്.