Thursday, January 23, 2025
Kerala

ഉദ്ഘാടന വിവാദം; കെ.സി വേണുഗോപാലിനെ അവഗണിച്ചതിൽ പ്രതിഷേധിച്ച് പ്രതീകാത്മക ഉദ്ഘാടനവുമായി കോൺ​ഗ്രസ്

ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിൽ നിന്ന് കെ.സി വേണുഗോപാലിനെ അവഗണിച്ചതിൽ പ്രതിഷേധവുമായി കോൺ​ഗ്രസ് പ്രവർത്തകർ. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രതീകാത്മക ഉദ്ഘാടനം നിർവഹിച്ച് പ്രതിഷേധിച്ചു.

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തെ ചൊല്ലി വിവാദം മുറുകുകയാണ്. കെ.സി. വേണുഗോപാൽ ഉൾപ്പടെയുള്ളവരെ ചടങ്ങിൽ നിന്നും ഒഴിവാക്കേണ്ടതില്ലായിരുന്നു എന്ന് മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ പ്രതികരിച്ചു. വഴിയരികിലെ ഫ്ലക്സുകളിലല്ല മറിച്ച് ജനഹൃദയങ്ങളിലെ ഫ്ലക്സുകളിലാണ് നേതാക്കൾ ഉണ്ടാകേണ്ടതെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

കെ.സി. വേണുഗോപാലിനെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയതിൽ കോൺഗ്രസ്‌ പ്രതിഷേധത്തിലാണ്. പിന്നാലെയാണ് സംഘാടകസമിതിയെ വിമർശിച്ച് ജി. സുധാകരൻ രംഗത്ത് എത്തിയത്. ആശുപത്രിയുടെ വികസനത്തിനായി മുൻനിരയിൽ ഉണ്ടായിരുന്ന മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, അന്നത്തെ ആലപ്പുഴ എം..പി കെ.സി. വേണുഗോപാൽ എന്നിവരെ ഒഴിവാക്കേണ്ടിയിരുന്നില്ല എന്നും സുധാകരന്‌ വ്യക്തമാക്കി. തന്നെ ഒഴിവാക്കിയതിൽ പരിഭവമില്ലെന്നും മുൻ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം ഉൾപ്പെടയുള്ളവരാണ് സംഘാടകസമിതി അംഗങ്ങൾ. അതിഥികളെ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാണ് വിശദീകരണം. ഇതിന് മുൻപ് പുന്നപ്ര സ്‌കൂളിന്റെ ഉദ്ഘാടന നോട്ടീസിൽ നിന്നും ജി. സുധാകരന്റെ പേര്‌ ഫോട്ടോഷോപ്പിലൂടെ നീക്കം ചെയ്തത് വിവാദം ആയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സുധാകരപക്ഷം ഈ സംഭവത്തെയും വിലയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *