Saturday, January 4, 2025
Kerala

പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ ബഫര്‍സോണ്‍ പ്രഖ്യാപിക്കു’: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പുരയിടമോ കൃഷിയിടമോ ബഫര്‍സോണില്‍ ഉള്‍പ്പെടുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോണ്‍ പ്രഖ്യാപിക്കു. സമരം നടത്താനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബഫർസോണിൽ ഉപഗ്രഹ സർവ്വേ റിപ്പോർട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളുള്ള ഫീൽഡ് സർവ്വേ റിപ്പോർട്ടും സുപ്രീംകോടതിയിൽ സമർപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

ജനുവരി ആദ്യവാരമാണ് ബഫർസോൺ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജൂൺ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹ സ‍ർവ്വേ റിപ്പോർട്ട് നൽകാനുളള സമയപരിധി ഈ മാസം തീരുകയാണ്. സർവ്വേ റിപ്പോർട്ട് തയ്യാറാണെങ്കിലും കനത്ത് പ്രതിഷേധങ്ങൾക്ക് മുന്നിൽ ആ റിപ്പോർട്ട് അപൂർണ്ണമാണെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞു കഴിഞ്ഞു. എതി‍ർപ്പുകൾ തണുപ്പിക്കാൻ ഫീൽഡ് സർവ്വേ നടത്തുമെന്നാണ് സർക്കാരിന്‍റെ പുതിയ വാഗ്ദാനം. സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്‍റ് എൻവയോൺമെന്‍റ് സെന്‍റര്‍ തയ്യാറാക്കിയ ഉപഗ്രഹ സർവ്വേ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഒരു സത്യവാങ് മൂലം കൂടി കോടതിയിൽ നൽകാനാണ് സർക്കാർ നീക്കം.

ഉപഗ്രഹ സർവ്വേ ബഫർസോൺ മേഖലയെകുറിച്ചുള്ള ആകാശ ദൃശ്യങ്ങൾ മാത്രമാണെന്ന് പറഞ്ഞ് നേരിട്ടു പരിശോധിച്ചുള്ള വ്യക്തിഗത റിപ്പോർട്ട് അനുബന്ധമായി സമർപ്പിക്കാൻ അനുവാദം തേടാനാണ് ശ്രമം. എജിയോടും സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിലിനോടും ഇതിന്‍റെ സാധ്യത തേടാൻ ആവശ്യപ്പെട്ട് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *