Wednesday, January 1, 2025
Kerala

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ എല്‍.ഡി.എഫ്. അഹങ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ എല്‍.ഡി.എഫ്. അഹങ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത. തെരഞ്ഞെടുപ്പില്‍ പൊതു രാഷ്ട്രീയം പ്രതിഫലിച്ചില്ല. യു.ഡി.എഫ്. തകര്‍ന്നെന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു. യു.ഡി.എഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളര്‍ത്താനാണ് ശ്രമിക്കുന്നത്. ശബരിമല പ്രശ്‌നം തുടങ്ങിയപ്പോള്‍ മുതല്‍ ഇത് ആരംഭിച്ചിരുന്നു. കേരളത്തിന്റെ മതേതര മനസിലെ വിഷലിപ്തമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് സി.പി.എം. നടത്തുന്നതെന്ന് യു.ഡി.എഫ്. യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.

ബി.ജെ.പി കേരളത്തില്‍ ക്ലച്ചുപിടിക്കില്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ പരിമിതികളുണ്ടായിരുന്നു. യു.ഡി.എഫിന് പാളിച്ചകളുണ്ടായി. പരമ്പരാഗത രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താനായില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കും.

അടിച്ചമര്‍ത്തലിന്റെയും ഏകാധിപത്യത്തിന്റേയും ഭരണമല്ല കേരളം ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പിലെ നേരിയ വിജയം കൊണ്ട് സര്‍ക്കാരിന്റെ അഴിമതികള്‍ക്കെല്ലാം വെള്ളപൂശിയെന്ന് ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ അപാകതകള്‍ തിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *