പീഡന കേസിൽ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം തിരികെ ജോലിക്ക് കയറി സിഐ സുനു; അവധിയിൽ പോകാൻ നിർദേശിച്ച് കമ്മീഷ്ണർ
തൃക്കാക്കര പീഡന കേസിൽ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം തിരികെ ജോലിക്ക് ഹാജരായ ഇൻസ്‌പെക്ടർ സുനുവിനോട് അവധിയിൽ പോകാൻ നിർദേശം. പൊലീസ് ആസ്ഥാനത്തെ നിർദേശപ്രകാരം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറാണ് സുനുവിനോട് നിർബന്ധിത അവധിയിൽ പോകാൻ നിർദേശിച്ചത്.
ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ പി.ആർ. സുനു ഇന്ന് പുലർച്ചെ നാല് മണിക്കാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. മതിയായ തെളിവുകളില്ലാത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്താതെ ചോദ്യം ചെയ്യലിന് ശേഷം സുനുവിനെ വിട്ടയ്ക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ്
തൃക്കാക്കര പൊലീസ് ചാലിയത്തെ ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി സുനുവിനെ കസ്റ്റഡിയിലെടുത്തത്.
താൻ നിരപരാധിയെന്ന് സിഐ സുനു പറയുന്ന ശബ്ദ സന്ദേശം ഇന്നലെ ട്വന്റിഫോറിന് ലഭിച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതെന്നും കുടുംബം അടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെന്നും സുനുവിന്റെ ശബ്ദ സന്ദേശം. ഉന്നത ഉദ്യോഗസ്ഥർക്കാണ് സിഐ സുനു ശബ്ദസന്ദേശം അയച്ചത്. താൻ നിരപരാധിയാണ് കെട്ടിച്ചമച്ച കേസിൽ ജീവിതം തകർന്നെന്നും സി ഐ സുനു ശബ്ദ സന്ദേശത്തിൽ പറയുന്നു.കുടുംബമടക്കം ആത്മഹത്യചെയ്യുകയേ വഴിയുള്ളു. ചില ഉന്നത ഉദ്യോഗസ്ഥരാണ് വേട്ടയാടുന്നതെന്നും സന്ദേശത്തിലുണ്ട്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ സ്റ്റേഷനിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തതെങ്കിലും തെളിവ് ലഭിക്കാതെ വന്നതോടെവിട്ടയക്കുകയായിരുന്നു.