കൊയിലാണ്ടിയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; അന്വേഷണം ആരംഭിച്ച് പൊലീസ്
തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. കൊയിലാണ്ടി പയ്യോളി ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം ഉണ്ടായത്.
പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് ഇന്നോവ കാർ തടഞ്ഞുനിർത്തി മറ്റൊരു കാറിൽ എത്തിയ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇരു വാഹനങ്ങളും സംഘം മുചുകുന്ന് ഭാഗത്തേക്ക് കൊണ്ടുപോയി. ശേഷം ഇന്നോവ വാഹനം പൂർണമായി പരിശോധിച്ച ശേഷം സംഘം സ്ഥലം വിട്ടു എന്നാണ് പറയുന്നത്.
സംഭവത്തിൽ ഇന്നോവ കാർ ഓടിച്ച മലപ്പുറം വേങ്ങര സ്വദേശി പുളിക്കൽ വീട്ടിൽ വിഷ്ണുവി (27) ന് പരുക്കേറ്റിട്ടുണ്ട് . തോക്ക് കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചതായാണ് പറയുന്നത്. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.