ജലനിരപ്പ് 141 അടി കടന്നു; മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർ കൂടി ഉയർത്തി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടി കടന്നതോടെ ഒരു ഷട്ടർ കൂടി ഉയർത്തി. രാവിലെ ആറ് മണിയോടെയാണ് ഡാമിന്റെ വി3, വി4 ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. 2399.82 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ശബരിമല തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു.
തമിഴ്‌നാടിൻ മുകളിലായുള്ള ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ആന്ധ്രയിലും തമിഴ്‌നാട്ടിലും ശക്തമായ മഴയാണ് പെയ്യുന്നത്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായതിനാൽ ക്ഷേത്രത്തിലേക്കുള്ള സന്ദർശനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ചിറ്റൂർ,കഡപ്പ, നെല്ലൂർ അടക്കം തീരമേഖലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത് . നിരവധി വീടുകളിൽ വെള്ളം കയറി. കഡപ്പ ജില്ലയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചു. 18 പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇതോടെ ആന്ധ്രയിലെ മഴക്കെടുതിയിൽ മരണം 16 ആയി.
അതേസമയം സ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട,ഇടുക്കി,പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും,ചൊവ്വാഴ്ചയും യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള ,കർണാടക ,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല.