Saturday, April 12, 2025
Kerala

എൽദോസിന് എതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നു, താനെത്തിയപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ സിസിടിവി ഇല്ലായിരുന്നു; പരാതിക്കാരി

പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിന് ഉപാധികളോടെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പരാതിക്കാരി പ്രതികരണവുമായി രം​ഗത്തെത്തി. ജാമ്യം ലഭിച്ചതിൽ ഒന്നും പറയാനില്ലെന്നും പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും യുവതി പറഞ്ഞു. പി.ആർ ഏജൻസി ജീവനക്കാരിയായല്ല എൽദോസിനെ പരിചയപ്പെട്ടത്. അദ്ദേഹം പറയുന്നത് പച്ചക്കള്ളമാണ്. എൽദോസിന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും അപ്പോഴൊന്നും സിസിടിവി ക്യാമറ വീട്ടിൽ ഇല്ലായിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കുന്നു.

ഇന്ന് രാവിലെയാണ് പരാതിക്കാരിയുടെ ഭാ​ഗം കോടതി കേട്ടത്. തന്നെ ആക്രമിക്കാനും വധിക്കാനും ശ്രമിച്ചെന്ന കാര്യം പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എൽദോസിന്റെ ഫോണുകൾ പിടിച്ചെടുക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ വിശദമായി കേട്ട ശേഷമാണ് കോടതി എൽദോസിന് ജാമ്യം അനുവദിച്ചത്. 22-ാം തീയതി അന്വേഷണ സംഘത്തിന് മുന്നിൽ എൽദോസ് ഹാജരാകണം.

പീഡനക്കേസിൽ താൻ നിരപരാധിയാണെന്നും സംഭവം രാഷ്ട്രീയപ്രേരിതമാണെന്നും എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ കോൺ​ഗ്രസ് നേതൃത്വത്തോട് വിശദീകരിച്ചിരുന്നു. നടപടിക്കു മുൻപ് തന്റെ ഭാഗം കേൾക്കണം എന്ന് കെപിസിസി നേതൃത്വത്തോട് എം.എൽ.എ അഭിഭാഷകൻ മുഖേനെ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചതിന് ശേഷം വിശദമായ വിശദീകരണം നൽകാനാണ് തീരുമാനം. പരാതിക്കാരിക്കെതിരായ കേസുകളുടെ വിവരങ്ങളും എൽദോസ് കെപിസിസിക്ക് കൈമാറിയിട്ടുണ്ട്.

‘പി ആർ ഏജൻസി ജീവനക്കാരി എന്ന നിലയിലാണ് യുവതി തന്നെ പരിചയപ്പെട്ടത്. പല എം.എൽ.എമാരുടെയും സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് തങ്ങൾ ആണെന്നും യുവതി പറഞ്ഞു. ആ നിലയിലാണ് പരിചയം. യുവതിക്കെതിരെ നിരവധി കേസുകൾ ഉണ്ട്’. – ഇത്തരം ആക്ഷേപങ്ങളാണ് പരാതിക്കാരിയായ യുവതിക്കെതിരെ എൽദോസ് ഉന്നയിക്കുന്നത്.

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിശദീകരിച്ചിരുന്നു. എൽദോസ് വിശദീകരണം നൽകിയത് അഭിഭാഷകൻ മുഖേനെയാണ്. അദ്ദേഹം നേരിട്ട് മറുപടി നൽകാത്തത് കുറ്റകരമാണ്. എംഎൽഎയുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. എംഎൽഎയുടെ മറുപടി വായിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, അത് പരിശോധിച്ച് മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

എൽദോസിന്റെ നടപടി ന്യായീകരിക്കുന്നില്ല. എൽദോസിന്റെ നടപടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നത് സത്യമാണ്. പാർട്ടിക്ക് ക്ഷീണമായി. വിശദീകരണം പരിശോധിച്ച് ശേഷം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത് നടപടി ഉണ്ടാകും. കോടതി എന്ത് നിലപാട് സ്വീകരിച്ചാലും പാർട്ടി നടപടിയുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *