Monday, January 6, 2025
Kerala

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 39 മരണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മഴക്കെടുതിയിൽ മരിച്ചത് 39 പേരെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ആറു പേരെ കാണാതായി. 217 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 1393 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു. കാലം തെറ്റിയെത്തുന്ന പ്രകൃതി ദുരന്തങ്ങൾ കഴിഞ്ഞ അഞ്ചു വർഷമായി വലിയ നാശ നഷ്ടങ്ങളുണ്ടാക്കി. സംസ്ഥാനത്ത് നിലവിൽ 11 എൻ.ഡി.ആർ.എഫ് സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് എയർഫോഴ്സ് , നേവി ഹെലികോപ്ടറുകൾ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 304 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡാമുകളിലെ ജലം നിയന്ത്രിത അളവിൽ തുറന്ന് വിടുന്നുണ്ട്. മഴക്കെടുതിയില്‍ ദുരന്തമനുഭവിച്ച കുടുംബങ്ങളെ സർക്കാർ കൈവിടില്ല. ജീവന് പകരമായി മറ്റൊന്നുമില്ല. നഷ്ടപരിഹാരം ഒന്നുമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തസാധ്യത പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിൽ പോരായ്മകളുണ്ടോ എന്ന് പരിശോധിക്കണമെന്ന് കെ.ബാബു ആവശ്യപ്പെട്ടു. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച വരുന്നത് ഖേദകരമാണെന്നും കേന്ദ്ര സഹായം വേണമെന്നും ബാബു പറഞ്ഞു. മഴക്കെടുതിയില്‍ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. 25ന് വീണ്ടും ചേരും.

Leave a Reply

Your email address will not be published. Required fields are marked *