സംസ്ഥാനത്ത് അതിതീവ്ര മഴ, ഉരുള്‍ പൊട്ടലിന് സാധ്യത: ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെപറ്റംബര്‍ 7 വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴപെയ്യുമെന്നതിനാല്‍ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ച മലയോരമേഖലയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. അതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് അടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് നിന്ന് ആരും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.