Monday, January 6, 2025
Kerala

‘ഞാൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നത്’; യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി കെ രാധാകൃഷ്ണൻ

ജാതിവിവേചന വിവാദത്തിൽ യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. താൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നത്. ക്ഷേത്രത്തിനകത്തല്ല, പുറത്തായിരുന്നു പരിപാടി. ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കില്ലെങ്കിൽ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയതെന്നും മന്ത്രി ചോദിച്ചു.

മാസങ്ങൾക്കുശേഷം അഭിപ്രായം പറഞ്ഞതിൽ ഒരു ദുഷ്ടലാക്കുമില്ല. പ്രസംഗം നടത്തിയ ദിവസം രാവിലെ 2 വാർത്തകൾ വായിച്ചു. ദളിത് വേട്ടയുടെ വാർത്തയായിരുന്നു അത്. അതിനു ശേഷം നടന്ന പരിപാടിയിൽ അനുഭവം പറഞ്ഞു എന്നേയുള്ളൂ. കണ്ണൂരിലെ വേദിയിൽ തന്നെ താൻ പ്രതികരിച്ചിരുന്നു. അന്ന് അത് ചർച്ച ആയില്ല. ചില സമയങ്ങളാണ് ചർച്ച ഉയർത്തി കൊണ്ടുവരുന്നത് എന്നും മന്ത്രി കെ രാധാകൃഷ്ണൻ. നേരത്തെ മന്ത്രി കെ രാധാകൃഷ്ണനെതിരെ യോഗക്ഷേമസഭ രംഗത്തെത്തിയിരുന്നു.

ജാതി അധിക്ഷേപം നേരിട്ടുവന്ന മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം എന്ന് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. മന്ത്രിയുടെ പരാമർശം ഏറെ ദുഃഖകരം. ജാതി വിവേചനം അല്ല, ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നതെന്നും അക്കീരമൺ. പഴയ സംഭവം കുത്തിപ്പൊക്കുന്നത് മറ്റുപല വിവാദങ്ങൾക്കും സൃഷ്ടിക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചു. ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജവും രംഗത്തുവന്നിരുന്നു.

ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ല. ഇക്കാര്യത്തിൽ ബ്രാഹ്മണ അബ്രാഹ്മണ ഭേദമില്ല. മാസങ്ങൾക്ക് ശേഷമുള്ള വിവാദത്തിൽ ദുഷ്ടലാക്ക് സംശയിക്കുന്നുവെന്ന് തന്ത്രി സമാജം വാർത്താകുറിപ്പിൽ പറയുന്നു. മന്ത്രിയുടെ ജാതി വിവേചന വെളിപ്പെടുത്തലിലാണ് അഖില കേരള തന്ത്രി സമാജത്തിൻ്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *