Thursday, April 10, 2025
Kerala

ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ഗൂഢാലോചന: കെ സുരേന്ദ്രൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും ഒന്നിച്ചു രംഗത്തുവന്നത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണർക്കെതിരെ സംഘടിതമായ ആക്രമണം നടത്തി അവഹേളിക്കാനുള്ള സർക്കാരിന്റെയും ഇടതുമുന്നണിയുടെയും നീക്കം വിലപ്പോവില്ലന്നും സുരേന്ദ്രൻ പ്രസ്താവനയിൽ വ്യക്തമാക്കി.

എതിർക്കുന്നവരെ കൂട്ടമായി ആക്രമിച്ച് വകവരുത്താമെന്ന സിപിഎം ശൈലിയാണ് ഇവിടെയും സ്വീകരിക്കുന്നത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കമുള്ളവർ ഗവർണറെ പൊതുസ്ഥലത്ത് നേരിടുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ്. ഗവർണറുടെ ജീവനുപോലും ഭീഷണി ഉയർന്നിരിക്കുന്നു. ഭരണത്തലവനായ ഗവർണർക്ക് സുരക്ഷിതത്വം ഇല്ലാത്ത കേരളത്തിൽ ക്രമസമാധാന നില തകർന്നിരിക്കയാണ്.

ഇടതു സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷ പാതത്തിനുമെതിരെയാണ് ഗവർണർ പ്രതികരിച്ചത്. സർവകലാശാലകളിൽ സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും ഭാര്യമാരെയും ബന്ധുക്കളെയും അനധികൃതമായി തിരുകി കയറ്റുന്നതിനെതിരായാണ് ഗവർണർ ശബ്ദമുയർത്തിയത്. സിപിഎം ഉന്നത നേതാക്കൾ നടത്തുന്ന ഈ അഴിമതിയിൽ സാധാരണ സിപിഎം പ്രവർത്തകർ പോലും പ്രതിഷേധത്തിലാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഗവർണർ ഉന്നയിച്ച ഒരു വിഷയത്തിനും വ്യക്തമായ ഉത്തരം നൽകാൻ ഇതുവരെ മുഖ്യമന്ത്രിക്കായിട്ടില്ല. കണ്ണൂർ സർവകലാശാലയിലെ പരിപാടിക്കിടയിൽ ഗവർണറെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാൻ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. എല്ലാ മന്ത്രിമാരും മുന്നണി നേതാക്കളും ഒന്നിച്ചു രംഗത്തു വന്നതിലെ ഗൂഢാലോചന അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അഴിമതിക്കെതിരെ ശബ്ദമുയർത്തിയ ഗവർണറെ സംരക്ഷിക്കാൻ ജനമുന്നേറ്റത്തിന്റെ പ്രതിരോധ നിര ബിജെപി സൃഷ്ടിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *