കരുവന്നൂരിൽ നിന്ന് കാണാതായ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി വീട്ടിൽ തിരിച്ചെത്തി
കരുവന്നൂരിൽ നിന്ന് കാണാതായ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തി. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്തിരുന്ന സുജേഷിനെ ശനിയാഴ്ച രാത്രി മുതലാണ് കാണാതായത്. സുജേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തിങ്കളാഴ്ച പുലർച്ചെയോടെ സുജേഷ് വീട്ടിൽ തിരിച്ചെത്തുകയായിരുന്നു
കണ്ണൂർ വരെ യാത്ര പോയെന്നാണ് സുജേഷ് പറയുന്നത്. തന്റെ യാത്രയും ബാങ്കിലെ പ്രശ്‌നങ്ങളും തമ്മിൽ ബന്ധമില്ലെന്നും സുജേഷ് പറഞ്ഞു. രണ്ട് മാസം മുമ്പ് സുജേഷിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ശക്തമായ വിമർശനവും പ്രതിഷേധവും സുജേഷ് ഉയർത്തിയിരുന്നു.