പഴയതുപോലെ കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ട് പറക്കട്ടെ; മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണത്തിൽ ജെയ്ക് സി. തോമസ്
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ ആരോപണത്തിൽ പ്രതികരണവുമായി പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരവധി വ്യാജ ആരോപങ്ങൾ കോൺഗ്രസ് ഉന്നയിച്ചെന്നും അത്തരം ആരോപണങ്ങളിൽ കോൺഗ്രസ് ഇപ്പോൾ ഉറച്ച് നിൽക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പഴയതുപോലെ കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ട് പറക്കട്ടെ. വസ്തുതയുണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് കോൺഗ്രസ് പരാതി കൊടുക്കട്ടെ. ലൈഫ് മിഷൻ അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസിന് കേന്ദ്ര ഏജൻസികളെയായിരുന്നു വിശ്വാസം. സത്യസന്ധതയുണ്ടെങ്കിൽ യുഡിഎഫ് നുണ പറയാതെ പരാതി നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ സ്‌നേഹ സമ്പൂര്‍ണമായ പ്രതികരണം ആത്മവിശ്വാസം നല്‍കുന്നുണ്ട്. പ്രചാരണം നന്നായി പോകുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലായിടത്തും ഓടിയെത്തുകയാണ് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത അഭൂതപൂര്‍ണമായ മാറ്റത്തിന് മണ്ഡലം തയ്യാറെടുക്കുന്നുവെന്നും ജെയ്‌സ് സി തോമസ് പ്രതികരിച്ചു. ഇവിടെ മത്സരത്തിന്റെയോ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെയോ ആവശ്യമില്ലെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു. ഏകപക്ഷിയമായി യുഡിഎഫ് അര ലക്ഷം വോട്ടിനെങ്കിലും വിജയിച്ചുകേറുന്ന അവസ്ഥയാണെന്നായിരുന്നു പ്രതികരണം. പക്ഷെ ഇപ്പോൾ സാഹചര്യം മാറി. തെരെഞ്ഞടുപ്പ് എന്നത് വികസനത്തിന്റെ രാഷ്ട്രീയമാണെന്നും ജെയ്‌സ് സി തോമസ് പറഞ്ഞു.
എൻഎസ്എസിന്റെ വോട്ടുകൾ മാത്രമല്ല എല്ലാ ജനവിഭാഗങ്ങളുടെയും വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതൊരു തിണ്ണ നിരങ്ങൽ ഏർപ്പാടല്ല. മുഖ്യമന്ത്രി 24ന് മണ്ഡലത്തിലെത്തും, കൂടാതെ 31 നും ഒന്നിനും മുഖ്യമന്ത്രി നേരിട്ടെത്തി ജനങ്ങളെ കാണും. കോൺഗ്രസിന്റെ സൈബർ സംഘങ്ങളാണ് തനിക്ക് കോടികളുടെ ആസ്തിയുണ്ടെന്ന് പ്രചരിപ്പിച്ചത്. അച്ഛനും ചേട്ടനുമാണ് ദീർഘകാലമായി ചെരുപ്പ് നിർമ്മാണ മേഖലയിൽ ഉണ്ടായിരുന്നതെന്നും ജെയ്‌സ് സി തോമസ് പറഞ്ഞു.
കിടങ്ങൂരില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ട്. മണിപ്പൂര്‍ വംശഹത്യയുടെ മേല്‍ക്കൂരയും അടിത്തറയും പണിതത് സംഘപരിവാറാണ്. ആ ബിജെപിയുമായി യുഡിഎഫ് അധികാരം പങ്കിട്ടത് ഞെട്ടിപ്പിക്കുന്നതാണ്. ഇതിലൂടെ എന്തു തരം സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്നും ജെയ്ക് ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തത് അത്ഭുതകരമായിട്ടാണ് തോന്നുന്നത്. കുറ്റം ഏറ്റുപറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു.