സര്‍ക്കാരിന്റെ ജനപക്ഷ വികസനങ്ങള്‍ മറച്ചു പിടിക്കുന്നു; കള്ളക്കഥ മെനയുന്നു’; മാധ്യമങ്ങളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ നിര്‍ബാധം കള്ളക്കഥ മെനയുന്നെന്നും യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിന്റെ മെഗാ ഫോണായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ദേശാഭിമാനിയുടെ ഗള്‍ഫ് എഡിഷന്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓണ്‍ലൈന്‍ ആയാണ് മുഖ്യമന്ത്രി പങ്കെടുത്തത്.
അടിസ്ഥാന രഹിതവും ദുരപദിഷ്ടമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് ജന ശ്രദ്ധ തിരിക്കുന്നു. ഇതിന് യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി മാധ്യമങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവിധി മാനിക്കാനുള്ള സഹിഷ്ണുത മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനുമില്ല. സര്‍ക്കാരിന്റെ ജന പക്ഷ വികസനങ്ങള്‍ മറച്ചു പിടിക്കുന്നു.
പല മാധ്യമങ്ങളും സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങി മുട്ടില്‍ ഇഴയുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളെ വിലക്കെടുത്ത് സ്വന്തം ചെയ്തികളെ വെള്ള പൂശുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അതിന് വഴങ്ങാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.