ഏകകണ്ഠമായി അംഗീകരിച്ചു’; പി എസ് സുപാൽ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി, മത്സരം ഒഴിവാക്കി സമവായം
കൊല്ലം: പുനലൂര്‍ എംഎല്‍എ പി എസ് സുപാലിനെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ പ്രതിനിധി യോഗം ഏകകണ്ഠമായാണ് സുപാലിനെ സെക്രട്ടറിയാക്കാനുള്ള തീരുമാനം അംഗീകരിച്ചത്. കടുത്ത വിഭാഗീയത നിലനിൽക്കുന്ന ജില്ലയിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായാൽ പാർട്ടിക്ക് ദോഷമുണ്ടാകുമെന്ന വിലയിരുത്തലാണ് സുപാലിന് തുണയായത്.
മുല്ലക്കര രത്നാകരൻ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറി തെരഞ്ഞെടുത്തത്. രാവിലെ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പി എസ് സുപാലിന്‍റെ പേര് മുന്നോട്ട് വച്ചത്. പ്രകാശ് ബാബുവും പിന്തുണച്ചതോടെ തീരുമാനം ജില്ലാ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. പ്രതിനിധി സമ്മേളനത്തിൽ സുപാലിന്‍റെ പേര് മുന്നോട്ട് വെച്ചപ്പോഴും എതിർപ്പുണ്ടായില്ല. രണ്ടാം ഇടത് സര്‍ക്കാരിൽ മന്ത്രി സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ച സുപാൽ പിന്നീട് തഴയപ്പെട്ടു. ഇതിന് പകരം കൂടിയാണ് പുതിയ സ്ഥാനം. കടുത്ത വിഭാഗീയതയിൽ താഴെത്തട്ടിൽ വലിയ തിരിച്ചടി നേരിട്ട പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് സുപാലിന് മുന്നിലുള്ള വെല്ലുവിളി.
കൂടുതൽ കരുത്തോടെ പാർട്ടിയെ മുന്നോട്ട് നയിക്കുമെന്നും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സിപിഐ കൊല്ലം സെക്രട്ടറി പി എസ് സുപാൽ പ്രതികരിച്ചു. കൂടുതൽ ശക്തമായ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ലക്ഷ്യമെന്ന് കാനം രാജേന്ദ്രനും പ്രതികരിച്ചു. ജില്ലാ കൗൺസിലിൽ 64 അംഗങ്ങളാണുള്ളത്. ജില്ലയിൽ നിന്ന് സംസ്ഥാന സമ്മേളന പ്രതിനിധികളായി 90 പേരെയും തെരഞ്ഞെടുത്തു. ആത്മ വിമര്‍നത്തോടെ കഴിഞ്ഞ 4 വർഷത്തെ പ്രവർത്തനങ്ങൾ സംസ്ഥാ സമ്മേളനത്തിൽ വിലയിരുത്തി. മൂന്ന് ദിവസത്തെ സമ്മേളനത്തിന് ഇന്ന് രാത്രിയോടെ സമാപനമാകും.