Monday, January 6, 2025
Kerala

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണം: കേന്ദ്ര നടപടി അംഗീകരിക്കില്ലെന്ന് സർവകക്ഷി യോഗം, ഒറ്റക്കെട്ടായി എതിർക്കും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അമ്പത് വർഷത്തേക്ക് അദാനി ഗ്രൂപ്പിനെ ഏൽപ്പിച്ച നടപടി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് സർവകക്ഷി യോഗം. മുഖ്യമന്ത്രി പിണറായി വിജയനാണ് വിഷയം ചർച്ച ചെയ്യുന്നതിന് സർവകക്ഷി യോഗം വിളിച്ചത്. ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ എതിർത്തു.

നിയമനടപടികൾ തുടരുന്നതിനൊപ്പം വിഷയത്തിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. എയർപോർട്ട് നടത്തിപ്പും മേൽനോട്ടവും സംസ്ഥാന സർക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്‌പെഷ്യൽ പർപസ് വെഹിക്കിളിൽ നിക്ഷിപ്തമാക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വ്യോമയാന മന്ത്രിക്കും പ്രധാനമന്ത്രിക്കും നിരവധി തവണ കത്തുകൾ അയച്ച കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഉള്ള കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. നിയമനടപടികൾ സാധ്യമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള നിയമോപദേശം തേടുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഏകാഭിപ്രായത്തോടെയുള്ള സമീപനം സ്വീകരിച്ച് സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാനുള്ള സംയുക്ത തീരുമാനം കൈക്കൊള്ളണം. ഇതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയുടേത് സാങ്കേതിക പ്രതിഷേധം മാത്രമാണ്. കാര്യങ്ങൾ മനസ്സിലാക്കിയാൽ അവരും പിൻമാറും. ഒന്നിച്ചു നിന്നാൽ നമുക്ക് ഈ തീരുമാനത്തെ മാറ്റിയെടുക്കാം. നിയമസഭയിൽ ഒന്നിച്ച് നിലപാടെടുക്കാം. തലസ്ഥാന നഗരിയുടെ പ്രൗഡിക്കനുസരിച്ചുള്ള വിമാനത്താവളമാക്കി മാറ്റാം. നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ എടുക്കുന്ന എല്ലാ നടപടികൾക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഒട്ടക്കെട്ടായി നിന്ന് നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിലും അദ്ദേഹം പിന്തുണ നൽകി.

Leave a Reply

Your email address will not be published. Required fields are marked *