Friday, April 11, 2025
Kerala

ബസുടമയെ ആക്രമിച്ച സി.ഐ.ടി.യു ജില്ലാ നേതാവ് അജയന് ഹൈക്കോടതിയുടെ നോട്ടീസ്

പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ കോട്ടയം തിരുവാർപ്പിൽ ബസുടമയെ ആക്രമിച്ച സി.ഐ.ടി.യു ജില്ലാ നേതാവ് അജയന് ഹൈക്കോടതിയുടെ നോട്ടീസ്. പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയച്ച ഹൈക്കോടതി നേരിട്ട് ഹാജരാകാൻ നിർദേശം നൽകി. സ്വമേധയാ എടുത്ത കോടതിയലക്ഷ്യകേസിൽ കക്ഷി ചേർത്തു കൊണ്ടാണ് സിംഗിൾ ബഞ്ചിന്റെ നടപടി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ഡിവൈ.എസ്.പി കോടതിയെ അറിയിച്ചു.

പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന കാര്യം ബസുടമയെ ആക്രമിച്ച അജയന് അറിയില്ലായിരുന്നോ എന്ന് കോടതി ചോദിച്ചു. ഇടക്കാല ഉത്തരവ് നിലവിലുണ്ടെന്ന് അക്രമിക്കറിയാമെന്ന് പൊലീസും മറുപടി നൽകി. തുടർന്ന് അജയനോട് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട കോടതി, പൊലീസ് ഉദ്യോഗസ്ഥർ ഹാജരാകുന്നത് ഒഴിവാക്കുകയും ചെയ്തു. കേസ് ഹൈക്കോടതി ഓഗസ്റ്റ്‌ രണ്ടിന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ജൂൺ 17ന് ബസിനു മുന്നിൽ സി.ഐ.ടി,യു കൊടി കുത്തിയതിനെ തുടർന്ന് ഉടമ സമരം നടത്തുകയും, പിന്നീട് കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണത്തിനായി ഇടക്കാല ഉത്തരവ് നേടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഇടക്കാല ഉത്തരവ് നിലനിൽക്കെ ഉടമ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് എൻ നഗരേഷ് സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് നടപടി സ്വീകരിച്ചത്.

സിഐടിയുവിൽ നിന്നും നേരിട്ടത് അതിക്രൂര പീഡനമെന്ന് ബസുടമ രാജ്മോഹൻ ആരോപിച്ചിരുന്നു. സിപിഐഎം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ബസുടമ രാജ് മോഹൻ ട്വന്റിഫോറിനോട് പറഞ്ഞു. ഭണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്തയാളാണ് ഹൈക്കോടതി വിധി മാനിക്കാത്തത്. എന്തുമാകാം ഏതറ്റംവരെയും അക്രമം നടത്താമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാജ് മോഹൻ പറഞ്ഞു.

കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്കുനേരെയുണ്ടായ ആക്രമണത്തിൽ പൊലീസനെതിരെ ഹൈക്കോടതിരംഗത്തെത്തിയിരുന്നു. പൊലീസ് സംരക്ഷണത്തിൽ ബസുടമ ആക്രമിക്കപ്പെട്ടുവെന്ന് കോടതി വിമർശിച്ചു. എത്ര പൊലീസുകാർ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി നിരീക്ഷിച്ചു.

ആക്രമണം പെട്ടെന്നു ആയിരുന്നു എന്ന് പൊലീസ് വശദീകരിച്ചു.ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കോടതിയിൽ വന്നാലും നീതി കിട്ടില്ല എന്ന തോന്നൽ ഉണ്ടാക്കും.ആ അടികിട്ടിയത് കോടതിയുടെ മുഖത്താണ്, ബസ് ഉടമയ്ക്ക് അല്ല. അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേ എന്ന് കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *