Friday, April 11, 2025
Kerala

സംസ്ഥാനത്ത് ബാറുകൾ നാളെ മുതൽ അടച്ചിടും

 

സംസ്ഥാനത്ത് നാളെ മുതൽ ബാറുകൾ അടച്ചിടും. വെയർ ഹൗസ് മാർജിൻ ബെവ്കോ വർധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്‍റെ തീരുമാനം. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‍ലെറ്റുകളും മദ്യവിൽപ്പന നിർത്തിവെച്ചേക്കും.

ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോൾ ഈടാക്കുന്ന വെയര്‍ഹൌസ് മാര്‍ജിന്‍ വർധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവിൽപ്പനയിലെ പ്രതിസന്ധി. കണ്‍സ്യൂമര്‍ ഫെഡിന്‍റേത് 8ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് ഉയർത്തിയത്. വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുമ്പോഴും എംആര്‍പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്.

ബാറുകൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. പ്രശ്നം പരിശോധിച്ച് തീരുമാനിക്കാമെന്ന് സർക്കാർ ഉറപ്പുനൽകി. എന്നാൽ പരിഹാരം ഉണ്ടാകുന്നതുവരെ ബാറുകൾ അടച്ചിടാൻ അസോസിയേഷൻ യോഗം തീരുമാനിച്ചു. പുതിയ ഉത്തരവ് മൂലം ബാറുകൾക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി.

കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളിലും മദ്യവില്‍പന പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ചെറിയ ലാഭം പോലുമില്ലാതെ മദ്യവില്‍പ്പന നടത്താന്‍ കഴിയില്ലെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് നിലപാട്. മദ്യ വില്‍പ്പനയിലെ ലാഭം ഉപയോഗിച്ച് നല്‍കുന്ന കണ്‍സ്യൂമര്‍ ഫെഡിന്‍റെ കിറ്റ് വിതരണത്തെയും ഇത് ബാധിക്കും. ഈ സാഹചര്യത്തില്‍ മദ്യത്തിന്‍റെ പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന് കണ്‍സ്യൂമര്‍ഫെഡ് എംഡി ഔട്ട് ലെറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് സൂചന.

 

 

Leave a Reply

Your email address will not be published. Required fields are marked *