Tuesday, January 7, 2025
Kerala

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: കരിദിനമായി ആചരിക്കാന്‍ ബിജെപി; രാപ്പകല്‍ സമരം തുടരുന്നു

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ ഇന്ന് കരിദിനമായി ആചരിക്കാന്‍ ബിജെപി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപിയുടെ രാപ്പകല്‍ സമരം തുടരുകയാണ്. ജില്ലാ കേന്ദ്രങ്ങളിലേക്ക് ബിജെപി ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ബിജെപി സംസ്ഥാന നേതാക്കള്‍ കരിദിനത്തിന്റെ ഭാഗമായുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമാകും. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുവെന്നും ഭരണം തകര്‍ന്നുവെന്നും ആരോപിച്ചുകൊണ്ടാണ് ബിജെപി പ്രതിഷേധം. വൈകീട്ട് വരെയാണ് രാപ്പകല്‍ സമരം നടക്കുക.

രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ സര്‍ക്കാരിനെതിരെ യുഡിഎഫും പ്രതിഷേധത്തിലാണ്. പത്ത് മണിയോടെ യുഡിഎഫ് സെക്രട്ടറിയേറ്റ് പൂര്‍ണമായും വളയും. നികുതി വര്‍ധനവും എഐ കാമറ ഇടപാട് വിവാദവും ഉന്നയിച്ചാണ് യുഡിഎഫ് പ്രതിഷേധം. എഐസിസി ജനറല്‍ സെക്രട്ടറി പത്ത് മണിക്ക് സമരം ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിനെതിരായ കുറ്റപത്രം സമരത്തിനിടയില്‍ വായിക്കും.

അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാര്‍ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കും. പ്രകടനപത്രിയില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ എത്രയെണ്ണം നടത്തി ഇനി എത്ര നടപ്പിലാക്കും എന്നുള്ളതാണ് പ്രോഗ്രസ് കാര്‍ഡ്. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറു ദിന കര്‍മ്മപരിപാടി ആവിഷ്‌കരിച്ചു കഴിഞ്ഞു.

15,896 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാനാണ് ശ്രമം. ലൈഫ് പദ്ധതി തന്നെയാണ് അഭിമാന പദ്ധതിയായി സര്‍ക്കാര്‍ ഇപ്പോഴും കാണുന്നത്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കിയതും സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *