Saturday, October 19, 2024
Kerala

എ.കെ. ആൻ്റണി മികച്ച പ്രതിച്ഛായയുള്ള നേതാവ്, മകൻ അനിൽ ആൻ്റണിയെ അഴിമതി തൊട്ടുതീണ്ടിയിട്ടില്ല; എപി അബ്ദുള്ള കുട്ടി

എ.കെ. ആൻ്റണി മികച്ച പ്രതിച്ഛായയുള്ള നേതാവാണെന്നും അദ്ദേഹത്തിൻ്റെ മകൻ അനിൽ ആൻ്റണിക്ക് അഴിമതി തൊട്ട് തീണ്ടിയിട്ടില്ലെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ള കുട്ടി. പി. ചിദംബരം ഉണ്ട തിന്നെങ്കിൽ പിണറായി വിജയനും ഉണ്ട തിന്നും. ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ബിജെപിക്ക് ഒപ്പം അണി ചേരുകയാണ്. കേരള സ്റ്റോറി സിനിമക്കെതിരെ കേരളം സ്വീകരിച്ച നിലപാട് പരിഹാസ്യമാണ്. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്ര സർക്കാർ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിണറായി വിജയൻ സർക്കാരിൻ്റെ ദുർഭരണത്തിനെതിരെയുള്ള ശക്തമായ സമരം നടത്തണം. ഏഴ് വർഷത്തെ ഭരണത്തെ ജനങ്ങൾ ദുരന്തമായാണ് കാണുന്നത്. ദുർഭരണം അരാജകത്വത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. പിണറായി വിജയൻ്റെ ഭരണം തികഞ്ഞ പരാജയമാണെന്ന് വ്യക്തമായിരിക്കുന്നു. ഇന്ധന സെസ് കൂടി ചുമത്തിയതോടെ രാജ്യത്തെ പെട്രോൾ വില ഏറ്റവും കൂടുതൽ കേരളത്തിലായി മാറി. വിലക്കയറ്റം രൂക്ഷമാണ്. സാധാരണക്കാർക്ക് ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവുന്നില്ല. കേന്ദ്ര സർക്കാർ നടപ്പിലക്കുന്ന വികസനം അല്ലാതെ മറ്റൊന്നും കേരളത്തിൽ നടക്കുന്നില്ല.

പിണറായി വിജയൻ സർക്കാരിൻ്റെ രണ്ടാം വാർഷിക സമ്മാനം 4500 കോടിയുടെ നികുതി ഭാരമാണ്. അത് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണ്. കേരളം കണ്ടതിൽ ഏറ്റവും വലിയ അഴിമതി ഭരണമായി പിണറായിയുടെ കാലം മാറി.
അഴിമതിക്ക് വേണ്ടിയാണ് ഇവിടെ വിവിധ പദ്ധതികൾ രൂപീകരിക്കുന്നത്. അഴിമതി വിഹിതം പിണറായിയുടെ കുടുംബത്തിലേക്കാണ് പോകുന്നത്. ക്ലിഫ് ഹൗസ് അഴിമതിയുടെ മഹാസമുദ്രമായി മാറി. റിവേഴ്സ് ഹവാല കണ്ടുപിടിച്ച നേതാവാണ് പിണറായി വിജയൻ. ലാവ്ലിൻ കേസിന് ശേഷം പിണറായി നടത്തിയ ഏറ്റവും വലിയ അഴിമതിയാണ് എഐ ക്യാമറ.

കെൽട്രോൺ ഉൾപ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങളെ മറയാക്കി അഴിമതി നടത്താമെന്ന് കണ്ട് പിടിച്ചത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ്. ആ സൗകര്യം പിണറായി വിജയൻ ഇരട്ടിയാക്കി ഉപയോ​ഗിക്കുകയാണ്. വികസന മേലങ്കി അണിയാനുള്ള വലിയ പൂതിയിലാണ് പിണറായി വന്ന് നിൽക്കുന്നത്.
പക്ഷെ ജനങ്ങൾ പിണറായിക്ക് അണിയിച്ച് കൊടുത്തത് അഴിമതിയുടെ മേലങ്കിയാണെന്നും അദ്ദേഹം പരിഹസിച്ചു.

Leave a Reply

Your email address will not be published.