പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിലിറങ്ങി; സഭാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു
പ്രതിപക്ഷ എംഎൽഎമാരുടെ ബഹളത്തെ തുടർന്ന് സഭാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സഭ നിർത്തേണ്ടി വന്നത്. കാര്യോപദേശക സമിതിയിൽ പ്രതിപക്ഷം തങ്ങളുടെ നിലപാട് ശക്തമായി തന്നെ അറിയിക്കും. കെകെ രമയ്ക്കെതിരായ വ്യാജ പരാതിയിൽ നടപടി വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല.
പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസ് എടുത്തിരിക്കുകയാണെന്നും സഭാ നടപടികളോട് സഹകരിക്കാൻ ആവില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. സഭാ നടപടികളോട് സഹകരിച്ച് പോകാനുള്ള സാഹചര്യമല്ല നിലവിലുള്ളത്. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. സഹകരിക്കണം എന്നാണ് ആഗ്രഹം. എന്നാൽ അതിനുള്ള ശ്രമം സർക്കാർ നടത്തുന്നില്ല.
സഭയിൽ മറുപടി പറയാതിരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. സഭയിൽ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയാണ്. സഭാ നടപടികളെ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുകയാണ്. എന്നാൽ സ്പീക്കർ സഭാ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ചോദ്യോത്തര വേള ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മന്ത്രിമാർ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ്. ഇതിനിടയിലും പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷം.
പ്രതിപക്ഷത്തെ ലക്ഷ്യം വെച്ചുള്ള റൂളിങ്ങാണ് സ്പീക്കർ നടത്തുന്നതെങ്കിൽ പ്രതിപക്ഷം വലിയ പ്രതിഷേധം ഉണ്ടായിരിക്കും. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങൾ സ്പീക്കറെ ഉപയോഗിച്ച് അട്ടിമറിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇനി ശൂന്യവേളയിൽ എന്താണ് നടക്കുന്നതെന്ന് കണ്ട് തന്നെ അറിയണം. സ്പീക്കർ ഷംസീറും മന്ത്രി കെ. രാധാകൃഷ്ണനും പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് അനുരഞ്ജന ചർച്ച നടത്തിയിരുന്നു.